< Back
India
ഡല്‍ഹിയില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ ടാക്സികള്‍ ഓടില്ലഡല്‍ഹിയില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ ടാക്സികള്‍ ഓടില്ല
India

ഡല്‍ഹിയില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ ടാക്സികള്‍ ഓടില്ല

admin
|
25 May 2017 5:33 PM IST

ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ ടാക്സികള്‍ നാളെ മുതല്‍ ഓടരുതെന്ന് സുപ്രീം കോടതി.

ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ ടാക്സികള്‍ നാളെ മുതല്‍ ഓടരുതെന്ന് സുപ്രീം കോടതി. 2000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധം സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു. സിഎന്‍ജിയിലേയ്ക്ക് മാറാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വാഹന ഉടമകളുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല.

ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന ടാക്സികളില്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ഉള്ളവയൊഴികെ എല്ലാം മെയ് 1നു മുന്‍പായി സി.എന്‍.ജിയിലേയ്ക്ക് മാറണമെന്ന ഉത്തരവിനെതിരെ വാഹന ഉടമകള്‍ സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു. എല്ലാ വാഹനങ്ങളും സി.എന്‍.ജി ആക്കാന്‍ പര്യാപ്തമായ സാങ്കേതിക സൌകര്യങ്ങള്‍ ലഭ്യമല്ലെന്നും കൂടുതല്‍ സാവകാശം അനുവദിക്കണമെന്നും വാഹനമുടമകള്‍ അഭ്യര്‍ത്ഥിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ പ്രത്യേക ബഞ്ച് അവധി ദിനത്തില്‍ ഇരുന്നാണ് വാഹനമുടമകളുടെ വാദം കേട്ടത്. എന്നാല്‍ ആവശ്യമായ സമയം നല്‍കിയെന്നും ഇനിയും സമയം നീട്ടാനാവില്ലെന്നും അഭിപ്രായപ്പെട്ട കോടതി അപേക്ഷ തള്ളി. 2000 സി.സിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ തലസ്ഥാന നഗരിയില്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു.

അതേസമയം ഡല്‍ഹി പോലീസിന് ഇത്തരത്തിലുള്ള 190 വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി. അതിന് പരിസ്ഥിതി സെസ് അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഡല്‍ഹി ജല ബോര്‍ഡ് വാങ്ങിയിട്ടുള്ള ഡീസല്‍ ട്രക്കുകള്‍ രജിസ്റ്റര്‍ ചെയ്യാനും അനുമതി നല്‍കി. സി.എന്‍.ജി ട്രക്കുകള്‍ ലഭ്യമല്ലെന്നും അതിനാല്‍ 2000 സിസിയ്ക്കു മേലുള്ള എല്ലാ ഡീസല്‍ വാഹനങ്ങളും നിരോധിക്കുന്ന ഉത്തരവ് ഭേദഗതി ചെയ്ത് ഡീസല്‍ ട്രക്കുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ജലവിതരണം മുടങ്ങുമെന്നുമുള്ള വാദം പരിഗണിച്ചാണ് ഇതിന് അനുമതി നല്‍കിയത്.

Similar Posts