< Back
India
കെജ്‍രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റില്‍കെജ്‍രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റില്‍
India

കെജ്‍രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റില്‍

Alwyn
|
23 Feb 2018 12:58 PM IST

50 കോടിയുടെ അഴിമതി നടന്ന കേസിലാണ് രാജേന്ദ്ര ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായത്.

അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാര്‍ അറസ്റ്റില്‍. 50 കോടിയുടെ അഴിമതി നടന്ന കേസിലാണ് രാജേന്ദ്ര ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായത്. അറസ്റ്റിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്ന് എഎപി ആരോപിച്ചു.

കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ വിളിക്കാതെ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതിലൂടെ ഡല്‍ഹി സര്‍ക്കാരിന് 50 കോടിയോളം നഷ്ടമുണ്ടായതായി സിബിഐ കണ്ടെത്തിയിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പ്രിന്‍സിപ്പള്‍ സെക്രട്ടറി രാജേന്ദ്ര കുമാറിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തത് ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുളള തര്‍ക്കത്തിന് കാരണമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2007- 2014 കാലയളവില്‍ ഐടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന രാജേന്ദ്രകുമാര്‍ ചില ഐടി കമ്പനികളെ വഴിവിട്ട് സഹായിച്ചെന്നാണ് സിബിഐ കണ്ടെത്തല്‍. എന്നാല്‍ അറസ്റ്റ് കേന്ദ്ര സര്‍ക്കാരിന്റെ ഗൂഡാലോചനയുടെ ഭാഗമാണെന്നും എഎപിയുടെ വളര്‍ച്ചയെ ബിജെപി ഭയക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാജേന്ദ്രകുമാര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഉന്നത പദവികള്‍ വഹിച്ചിരുന്നു. അരവിന്ദ് കെജ്‍രിവാള്‍ സര്‍ക്കാര്‍ രണ്ടാം തവണ ഡല്‍ഹിയില്‍ അധികാരമേറ്റപ്പോഴാണ് രാജേന്ദ്രകുമാറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്.

Similar Posts