< Back
India
നോട്ട് നിരോധനം; പതിനൊന്നാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധംനോട്ട് നിരോധനം; പതിനൊന്നാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം
India

നോട്ട് നിരോധനം; പതിനൊന്നാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം

Ubaid
|
25 March 2018 12:01 AM IST

നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പ്രക്ഷുബ്ധമായി. രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുമെന്നും പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സഭാനടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പാര്‍ലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍പസമയം ലോക്‌സഭാ നടപടികളില്‍ പങ്കെടുത്തു.

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയെന്ന ഒത്തുതീര്‍പ്പിലേക്ക് പ്രതിപക്ഷത്തെ എത്തിക്കാന്‍ കഴിഞ്ഞാല്‍ സഭാ നടപടികളുമായി മുന്നോട്ടു പോവുകയെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലും ലോക്‌സഭയിലും എത്തിയത്. എന്നാല്‍ പ്രതിപക്ഷം വഴങ്ങിയില്ല.

ചര്‍ച്ച നടക്കുമ്പോള്‍ പൂര്‍ണ സമയവും പ്രധാനമന്ത്രി സഭയിലുണ്ടാവണമെന്നും ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നുമുള്ള ആവശ്യത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷം ഉറച്ചു നിന്നു. നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടു തവണ തടസ്സപ്പെട്ട സഭ രണ്ടു മണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കള്ളപ്പണത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായതിനാല്‍ രാജ്യത്തിന് മറിച്ചൊരു സന്ദേശം നല്‍കാനാവില്ലെന്നും വോട്ടെടുപ്പ് അനുവദിക്കാനാവില്ലെന്നും ഭരണപക്ഷം പറഞ്ഞു. ഇതിനെത്തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധത്താല്‍ ലോക്‌സഭയും തടസ്സപ്പെട്ടു.

Related Tags :
Similar Posts