< Back
India
വെങ്കയ്യനായിഡു തമിഴ്നാട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിവെങ്കയ്യനായിഡു തമിഴ്നാട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
India

വെങ്കയ്യനായിഡു തമിഴ്നാട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Damodaran
|
25 March 2018 5:48 PM IST

തമിഴ്നാട്ടില്‍ ഭരണം തടസ്സമില്ലാതെ പോവുകയാണെന്നും ഉപ മുഖ്യമന്ത്രിയെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എ ഐ ഡി എം കെയാണെന്നും കൂടിക്കാഴ്ചക്ക് ശേഷം വെങ്കയ്യ നായിഡു

കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടില്‍ ഭരണം തടസ്സമില്ലാതെ പോവുകയാണെന്നും ഉപ മുഖ്യമന്ത്രിയെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എ ഐ ഡി എം കെയാണെന്നും കൂടിക്കാഴ്ചക്ക് ശേഷം വെങ്കയ്യ നായിഡു പറഞ്ഞു. പിന്‍വാതിലിലൂടെ സംസ്ഥാന ഭരണം തട്ടിയെടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് കൂടിക്കാഴ്ചക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ കക്ഷികള്‍ ആരോപിച്ചു.

മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുന്നതിനെത്തുടര്‍ന്ന് സംസ്ഥാനം ഭരണപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയും ഗവര്‍ണറും തമ്മിലെ കൂടിക്കാഴ്ച. സന്ദര്‍ശനം വ്യക്തിപരമെന്നാണ് വെങ്കയ്യ നായിഡു പ്രതികരിച്ചത്. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്നും പ്രധാനമന്ത്രി വിദേശത്തായിരിക്കുന്പോള്‍ രാജ്യത്ത് ഭരണം എങ്ങനെ സുഗമമായി നടക്കുന്നുവോ അതുപോലെ തമിഴ്നാട്ടില്‍ കാര്യങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ചുളുവില്‍ സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് എം പി സുദര്‍ശന നാച്ചിയപ്പന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ആരോഗ്യം വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് വി സി കെയും തമിഴ് മാനില കോണ്‍ഗ്രസും പ്രതികരിച്ചു. ജയലളിതക്ക് പകരം താത്കാലിക മുഖ്യമന്ത്രിയെ നിയമിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച ഡിഎംകെ ട്രഷററും പ്രതിപക്ഷ നേതാവുമായ എം കെ സ്റ്റാലിന്‍ കൂടിക്കാഴ്ചയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അണ്ണാ ഡിഎംകെയും പുതിയ സംഭവ വികാസങ്ങളില്‍ മൌനം പാലിക്കുകയാണ്.

Similar Posts