< Back
India
ജിഎസ്‍ടി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാന്‍ നീക്കംജിഎസ്‍ടി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാന്‍ നീക്കം
India

ജിഎസ്‍ടി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാന്‍ നീക്കം

Sithara
|
7 April 2018 10:46 AM IST

നികുതി നിരക്ക്, നികുതി ചുമത്തേണ്ട രീതി തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഇനിയും തീരുമാനമാകേണ്ടതുണ്ട്.

നിയമ ഭേദഗതി പാര്‍ലമെന്‍റില്‍‌ പാസായ സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷ തുടക്കം മുതല്‍ രാജ്യത്ത് ജിഎസ്ടി സമ്പ്രദായം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ജിഎസ്ടി കൌണ്‍സില്‍ ഉടന്‍ യോഗം ചേരും. നികുതി നിരക്ക്, നികുതി ചുമത്തേണ്ട രീതി തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഇനിയും തീരുമാനമാകേണ്ടതുണ്ട്.

ജിഎസ്ടി ബില്‍ പാര്‍ലിമെന്‍റ് പാസാക്കി. പക്ഷേ സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്ന വിഷയത്തിലെ ഭരണ ഘടന ഭേദഗതി ആയതിനാല്‍ പകുതി സംസ്ഥാനങ്ങളുടെയെങ്കിലും പിന്തുണ കേന്ദ്രത്തിന് 30 ദിവസത്തിനുള്ള ഉറപ്പാക്കേണ്ടതുണ്ട്. എങ്കിലേ ജിഎസ്ടി ബില്‍ നിയമമാകൂ. നികുതി നിരക്ക് എത്ര എന്നതാണ് അടുത്ത പ്രശ്നം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. 20 ശതമാനം വരെയാകാമെന്നാണ് കേരളത്തിന്‍റെ നിലപാട്. 18 ല്‍ കൂടരുതെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നു. അതില്‍ തന്നെ തരം തിരിവ് വേണമെന്ന് ഭൂരിഭാഗം സംസ്ഥാനങ്ങള്‍ക്കും അഭിപ്രായമുണ്ട്. അതായത് നിത്യോപയോഗ വസ്തുക്കള്‍ക്ക് പത്ത് ശതമാനമോ അതില്‍ താഴെയോ നികുതി, സ്വര്‍ണമടക്കമുള്ള ആഡംബരം ഉല്‍പന്നങ്ങള‌‍ക്ക് ഉയര്‍ന്ന നികുതി ഇങ്ങനെയാണ് സംസ്ഥാന ധനമന്ത്രിമാര്‍ കഴിഞ്ഞ തവണ യോഗം ചേര്‍ന്നപ്പോള്‍ ഉണ്ടക്കിയ ധാരണ.

നികുതി നിരക്ക് എത്ര നിശ്ചയിച്ചാലും ആവശ്യാനുസരണം അതില്‍ 2 ശതമാനം കൂട്ടാനും കുറക്കാനും അവകാശം നല്‍കണമെന്നാണ് സംസ്ഥാനങ്ങളുടെ മറ്റൊരാവശ്യം, ഇത് പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രം അംഗീകരിക്കാന്‍ ഇടയില്ല. 1.5 കോടിക്ക് താഴെ വാര്‍ഷിക വിറ്റു വരവുള്ള സംരംഭകരുടെ നികുതി പിരിക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്നും ‌സംസ്ഥാന ധന മന്ത്രിമാരുടെ യോഗത്തില്‍ ധാരണ യായിരുന്നു. സംസ്ഥാനങ്ങളുടെ ഈ നിലപാടും കേന്ദ്രത്തിന് തലവേദനയാകും.

Similar Posts