< Back
India
എംഎല്‍എമാര്‍ ആക്രമിച്ചെന്ന ചീഫ് സെക്രട്ടറിയുടെ പരാതിയോടെ വീണ്ടും എഎപി - കേന്ദ്ര തര്‍ക്കംഎംഎല്‍എമാര്‍ ആക്രമിച്ചെന്ന ചീഫ് സെക്രട്ടറിയുടെ പരാതിയോടെ വീണ്ടും എഎപി - കേന്ദ്ര തര്‍ക്കം
India

എംഎല്‍എമാര്‍ ആക്രമിച്ചെന്ന ചീഫ് സെക്രട്ടറിയുടെ പരാതിയോടെ വീണ്ടും എഎപി - കേന്ദ്ര തര്‍ക്കം

Sithara
|
21 April 2018 9:23 PM IST

ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രതികരണമാണ് പോര് ശക്തമാക്കിയത്

എംഎല്‍എമാര്‍ ആക്രമിച്ചെന്ന ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ പരാതിയോടെ ഒരിടവേളക്ക് ശേഷം എഎപി - കേന്ദ്ര തര്‍ക്കം രൂക്ഷമാകുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രതികരണമാണ് പോര് ശക്തമാക്കിയത്. വിഷയത്തില്‍ ആഭ്യന്തര മന്ത്രി പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് എഎപി ആരോപണം.

ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ നീതി ലഭ്യമാക്കുമെന്നും ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചതോടെയാണ് തര്‍ക്കം മുറുകിയത്. പരാതിയില്‍ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്മേല്‍ തുടര്‍ നടപടികള്‍ ഇന്നുണ്ടായേക്കും. ബിജെപിക്ക് വേണ്ടിയാണ് ചീഫ് സെക്രട്ടറി പ്രര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിയെ കരിവാരിത്തേക്കാനാണ് എന്നുമാണ് എഎപി പ്രതികരണം. പരാതിയുമായി ആഭ്യന്തര മന്ത്രിയെ സമീപിച്ചപ്പോള്‍ കൂടിക്കാഴ്ചക്ക് തയ്യാറായില്ല. പക്ഷപാതപരമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും എഎപി ആരോപിച്ചു.

പിന്നാക്ക വിഭാഗക്കാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ദലിതുകളുമായി ഇടപാടില്ലെന്ന് ആക്രോശിച്ചാണ് ചീഫ് സെക്രട്ടറി ക്ഷുഭിതനായതെന്ന് എംഎല്‍എമാര്‍ പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ എസ്‍സി - എസ്ടി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. എഎപി എംഎല്‍എമാരുടെ അയോഗ്യത വിവാദത്തോടെ ഉപതെരഞ്ഞെടുപ്പിന് സജ്ജമായിരിക്കെ ആരോപണത്തെ മറികടക്കേണ്ടത് എഎപിക്ക് അനിവാര്യമാണ്.

സത്യം പുറത്ത് വരുമെന്നും സിസിടിവി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നുമാണ് എഎപി വിശദീകരിക്കുന്നത്. ആരോപണം നേട്ടമാക്കാനാണ് ബിജെപി, കോണ്‍ഗ്രസ് ശ്രമം. കെജ്‍രിവാളിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഇരു പാര്‍ട്ടികളും രംഗത്തുണ്ട്.

Related Tags :
Similar Posts