< Back
India
കോണ്‍ഗ്രസുമായി സഹകരണം: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ഭിന്നതകോണ്‍ഗ്രസുമായി സഹകരണം: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ഭിന്നത
India

കോണ്‍ഗ്രസുമായി സഹകരണം: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ഭിന്നത

Sithara
|
29 April 2018 12:18 PM IST

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമായി സഹകരണം വേണമോയെന്ന കാര്യത്തില്‍ യെച്ചൂരി പക്ഷവും കാരാട്ട് പക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്

കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അഭിപ്രായ ഭിന്നത. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്‍റെ കരട് രൂപരേഖയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടെയാണ് അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത പ്രകടമായത്. അതിനിടെ കമ്മിറ്റിയിലെ ചര്‍ച്ച ചോര്‍ന്നതില്‍ കേന്ദ്രകമ്മിറ്റിയില്‍ തോമസ് ഐസക്കിന് വിമര്‍ശനമേറ്റു.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമായി സഹകരണം വേണമോയെന്ന കാര്യത്തില്‍ യെച്ചൂരി പക്ഷവും കാരാട്ട് പക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം കോണ്‍ഗ്രസുമായി സഹകരണം ആകാമെന്ന യെച്ചൂരിയുടെ നിലപാടിന് പിബിയില്‍ വലിയ പിന്തുണ കിട്ടിയില്ലെങ്കിലും കേന്ദ്രകമ്മിറ്റിയില്‍ പിന്തുണ ലഭിക്കുന്നുണ്ട്. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച 63 ല്‍ പകുതിയോളം പേരും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചു. ഇക്കാര്യത്തില്‍ പല സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അഗങ്ങള്‍ക്കിടയിലും രണ്ടഭിപ്രായമാണുള്ളത്.

ആന്ധ്ര, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ അംഗങ്ങളില്‍ പലരും യെച്ചൂരിയുടെ രേഖയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കേരളത്തില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ വിഎസും ഐസക്കും മാത്രമാണ് കോണ്‍ഗ്രസിന്‍റെ പേര് പറയാതെ എല്ലാ മതേതരകക്ഷികളുമായും സഹകരണം വേണമെന്ന് നിര്‍ദേശിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിച്ചതിനെ കേരളത്തില്‍ നിന്നുള്ള ഭൂരിഭാഗം അംഗങ്ങളും വിമര്‍ശിച്ചു. ഇതിനിടെ കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകള്‍ ചോര്‍ന്നതിന് തോമസ് ഐസക്കിനെതിരെ കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യത്തില്‍ അംഗങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു.

Related Tags :
Similar Posts