< Back
India
നജീബ് അഹമദിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നതായി ജെ.എന്‍.യു അന്വേഷണ കമ്മീഷന്‍നജീബ് അഹമദിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നതായി ജെ.എന്‍.യു അന്വേഷണ കമ്മീഷന്‍
India

നജീബ് അഹമദിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നതായി ജെ.എന്‍.യു അന്വേഷണ കമ്മീഷന്‍

Ubaid
|
2 May 2018 6:12 PM IST

നജീബ് അഹമ്മദിനെ കാണാതായതിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍വകലാശാല അന്വേഷണ കമ്മീഷനെ നിശ്ചയിച്ചത്

കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമദിനെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നതായി സര്‍വകലാശാല അന്വേഷണകമ്മീഷന്‍. എ.ബി.വി.പി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ നജീബ് അഹമ്മദിനെ കഴിഞ്ഞ മാസം 14 മുതലാണ് കാണാതായത്

നജീബ് അഹമ്മദിനെ കാണാതായതിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍വകലാശാല അന്വേഷണ കമ്മീഷനെ നിശ്ചയിച്ചത്. അന്വേഷണകമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നജീബിന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റതായി സ്ഥിരീകരിക്കുന്നു. വിക്രാന്ത് കുമാര്‍ എന്ന എ.ബി.വി.പി പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് നജീബിനെതിരെ ആക്രമണമുണ്ടായത്. എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചതായും ഇവര്‍ അച്ചടക്കലംഘനം വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു നജീബിന് നേരെ എബിവിപിയുടെ ആക്രമണം ഉണ്ടായത്. നജീബിന്റെ മാതാവ് നല്‍കിയ പരാതിയില്‍ ആദ്യം ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം നജീബിന്റെ തിരോധാനം അന്വേഷിക്കുകയും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. ആരോപണവിധേയരായ എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസും സര്‍വകലാശാലയും സംരക്ഷിക്കുകയാണെന്ന വിദ്യാര്‍ഥികളുടെ ആരോപണത്തിനിടെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ആരോപണവിധേയരായ എ.ബി.വി.പി പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. കാണാതായി ഒരു മാസം പിന്നിട്ടിട്ടും സര്‍വകലാശാല വിസി പൊലീസില്‍ പരാതിപ്പെടാനും തയ്യാറായിട്ടില്ല. നജീബിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ വിദ്യാര്‍ഥി പ്രതിഷേധങ്ങളെയെല്ലാം പൊലീസ് ക്രൂരമായാണ് നേരിട്ടത്. മാര്‍ച്ചില്‍ പങ്കെടുത്ത നജീബിന്റെ മാതാവിനെ പോലും റോഡിലൂടെ വലിച്ചിഴച്ചിരുന്നു.

Related Tags :
Similar Posts