< Back
India
നിങ്ങള്‍ക്കിനി അധികം സമയമില്ല, ഇനിയെങ്കിലും ജോലിചെയ്ത് തുടങ്ങൂ: മോദിയോട് രാഹുല്‍നിങ്ങള്‍ക്കിനി അധികം സമയമില്ല, ഇനിയെങ്കിലും ജോലിചെയ്ത് തുടങ്ങൂ: മോദിയോട് രാഹുല്‍
India

നിങ്ങള്‍ക്കിനി അധികം സമയമില്ല, ഇനിയെങ്കിലും ജോലിചെയ്ത് തുടങ്ങൂ: മോദിയോട് രാഹുല്‍

മനോജ് വെള്ളനാട്
|
2 May 2018 1:20 PM IST

എല്ലാ ബാങ്ക് അക്കൌണ്ടിലേക്കും 15 ലക്ഷം എത്തുമെന്ന് പറഞ്ഞതും, എല്ലാവര്‍ഷവും 20 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞതും രാഹുല്‍ മോദിയെ ഓര്‍മിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കടന്നാക്രമണങ്ങള്‍ തുടരുകയാണ്. പണ്ട് ചെയ്തിരുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിര്‍ത്തി ഇനിയെങ്കിലും ജോലി ചെയ്തു തുടങ്ങാനാണ് മോദിയോട് രാഹുല്‍ ഉപദേശിക്കുന്നത്. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തുന്ന പര്യടനത്തിലാണ് രാഹുല്‍ ഗാന്ധി മോദിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

ബിജെപി സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ അധികം സമയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ഉപദേശം. വരുന്ന തിരഞ്ഞെടുപ്പ് കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നിങ്ങള്‍ രാജ്യത്തിനു വേണ്ടി എന്തുചെയ്‌തെന്ന് പറയേണ്ടിവരും. ഇപ്പോള്‍ കാലാവധി തികയാന്‍ പോകുന്നു. ഈ നാലു വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ട് ഇതുവരെ തുറക്കാന്‍ കഴിഞ്ഞിട്ടില്ല – രാഹുല്‍ പറയുന്നു. 2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഇനിയും നടപ്പാക്കാത്തതിനെപ്പറ്റിയായിരുന്നു രാഹുലിന്റെ പരിഹാസം. എല്ലാ ബാങ്ക് അക്കൌണ്ടിലേക്കും 15 ലക്ഷം എത്തുമെന്ന് പറഞ്ഞതും, എല്ലാവര്‍ഷവും 20 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞതും രാഹുല്‍ മോദിയെ ഓര്‍മിപ്പിച്ചു.

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും മോദി പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നപ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കാനാണ് മോദി സമയം കണ്ടെത്തുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കുകയും അടക്കമുള്ളവയാണ് ജനങ്ങള്‍ പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് മാത്രമല്ല. വന്‍ വ്യവസായികളുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ തയ്യാറാകുന്നില്ല.’ രാഹുല്‍ പറയുന്നു.

കര്‍ണ്ണാടകയിലെ വലിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ബാസവയുടെ പേര് പരാമര്‍ശിച്ചാണ് മോദി കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണവേദികളിലെല്ലാം പ്രസംഗിച്ചിരുന്നത്. ഇതിനെയും രാഹുല്‍ വിമര്‍ശിച്ചു. ബാസവ തൊഴിലിനെ ആരാധിക്കണമെന്ന് പറഞ്ഞ ആളാണ്. ഇതേ ബാസവയുടെ പേര് പ്രസംഗങ്ങളിലും മറ്റും ആവര്‍ത്തിക്കുന്ന മോദി ആകെ ശ്രദ്ധിക്കുന്നത് വാചകമടിയില്‍ മാത്രമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. പിന്നിട്ട അഞ്ച് വര്‍ഷത്തിനിടെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പേരില്‍ ഒരു അഴിമതി ആരോപണം പോലുമുണ്ടായിട്ടില്ലെന്നും രാഹുല്‍ പറയുന്നു. തൊട്ടു മുമ്പുള്ള ബിജെപി സര്‍ക്കാരിന്റെ ക്രെഡിറ്റില്‍ അഴിമതിയുടെ കാര്യത്തില്‍ ലോകറെക്കോര്‍ഡ് തന്നെയുണ്ടെന്ന് രാഹുല്‍ സൂചിപ്പിക്കുന്നു.

Related Tags :
Similar Posts