ഗൌരി ലങ്കേഷ് കൊലക്കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ഗൌരി ലങ്കേഷ് കൊലക്കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍
|സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്
മാധ്യമ പ്രവർത്തക ഗൌരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണ്ടതില്ലെന്ന് കർണാടക സർക്കാർ. സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ഐജി ബി കെ സിങ്ങിനാണ് അന്വേഷണ ചുമതല.
കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നായിരുന്നു ഗൌരി ലങ്കേഷിന്റെ കുടുംബത്തിന്റെ ആവശ്യം. ഉന്നതതല യോഗത്തിൽ ഇക്കാര്യവും ചർച്ചയായി. എന്നാൽ അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം പ്രത്യേക സംഘം അന്വേഷിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടർന്ന് പ്രത്യേക സംഘത്തിന്റെ ചുമതല ഇന്‍റലിജൻസ് ഐജി ബി കെ സിങ്ങിന് നൽകി. സംഘത്തിൽ 19 ഉദ്യോഗസ്ഥരാണ് ഉള്ളത്.
ഗൌരി ലങ്കേഷിന്റെ വീട്ടിൽ നാല് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇതിൽ രണ്ടെണ്ണം കാർപോർച്ചിലും ഒരെണ്ണം ഗേറ്റിന് അഭിമുഖമായും മറ്റൊന്ന് പിൻവശത്തുമായിരുന്നു. ഇതിൽ ഒന്നിലെ ദൃശ്യങ്ങളിൽ ഗൌരി വെടിയേറ്റ് വീഴുന്ന ദ്യശ്യങ്ങൾ വ്യക്തം. മറ്റൊന്നിൽ വെടിവെച്ചയാൾ ഉണ്ടെങ്കിലും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നതിനാൽ കൊലയാളിയെ തിരിച്ചറിയാനായില്ല. ഇതിന് പുറമേ സമീപ പ്രദേശങ്ങളിലെതടക്കം 33 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു.