ചെന്നൈയില്‍ കനത്ത മഴ; അഞ്ച് മരണംചെന്നൈയില്‍ കനത്ത മഴ; അഞ്ച് മരണം
|ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. ഇന്നു മാത്രം നാലു കുട്ടികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. നഗരത്തിലെ പല പ്രദേശങ്ങളിലും റോഡില്‍ വെള്ളം കയറി, ഗതാഗതം താറുമാറായി. ചെന്നൈ കൊടുങ്ങയൂരില്‍ രണ്ട് പെണ്‍കുട്ടികളും..
ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. ഇന്നു മാത്രം നാലു കുട്ടികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. നഗരത്തിലെ പല പ്രദേശങ്ങളിലും റോഡില്‍ വെള്ളം കയറി, ഗതാഗതം താറുമാറായി. ചെന്നൈ കൊടുങ്ങയൂരില്‍ രണ്ട് പെണ്‍കുട്ടികളും അളങ്കാപുത്തൂരില്‍ രണ്ട് ആണ്‍കുട്ടികളും ഷോക്കേറ്റ് മരിച്ചു. തുറന്നുകിടന്ന വൈദ്യുതി ജംക്ഷന്‍ ബോക്സില്‍ നിന്നാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്. നിലത്ത് വച്ചിരിയ്ക്കുന്ന ജംക്ഷന്‍ ബോക്സുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാല്‍,
സംഭവവുമായി ബന്ധപ്പെട്ട് എട്ട് വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്റുചെയ്തു. അപകടകരമായ വൈദ്യുത ജംക്ഷന്‍ ബോക്സുകള്‍ ഉടനടി മാറ്റി സ്ഥാപിയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കോയന്പേട് മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് ഇന്നു മരിച്ച മറ്റൊരാള്‍. ചുമടുമായി പോകുന്പോള്‍ വെള്ളക്കെട്ടില്‍ വീണാണ് മരണം സംഭവിച്ചത്. ഇതുവരെ പതിമൂന്ന് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.
രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ചെന്നൈ നഗരത്തില്‍ ഗതാഗതം താറുമാറായി. പലയിടങ്ങളിലും റോഡില്‍ വെള്ളം കയറിയതിനാല്‍ ബസ് അടക്കമുള്ള വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണ്. മുടിച്ചൂര്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍, നിരവധി കുടുംബങ്ങള്‍ മറ്റുവീടുകളിലേയ്ക്ക് മാറി. പ്രദേശത്ത് മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ പുരോഗമിയ്ക്കുന്നു. രണ്ടു ദിവസം കൂടി, കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.