മോദിയും രാഹുലും ഇന്ന് ഗുജറാത്തില്‍മോദിയും രാഹുലും ഇന്ന് ഗുജറാത്തില്‍
|സൌരാഷ്ട്രയില്‍ നടന്ന രണ്ട് റാലികളില്‍ ജനപങ്കാളിത്വം കുറവായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദി ഗുജറാത്തിലെത്തുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും ഗുജറാത്തില്‍. സൌരാഷ്ട്രയിലും സൂറത്തിലുമായി നാല് റാലികളില്‍ പ്രധാനമന്ത്രി സംസാരിക്കും. കഴിഞ്ഞ ദിവസം സൌരാഷ്ട്രയില്‍ നടന്ന രണ്ട് റാലികളില്‍ ജനപങ്കാളിത്വം കുറവായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദി ഗുജറാത്തിലെത്തുന്നത്. രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളില്‍ രാഹുല്‍ ഗാന്ധി പ്രചാരണം നടത്തും.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തില്‍ മുഖാമുഖം വരുന്നത്. സൌരാഷ്ട്രയിലെ മോര്‍ബി, ജുനഗഡ്, ഭാവ്നഗര്‍ ജില്ലകളിലും സൂറത്തിനടുത്തുള്ള നവസാരിയിലുമാണ് പ്രധാനമന്ത്രി ഇന്ന് സംസാരിക്കുന്നത്. സൌരാഷ്ട്രയില്‍ തിങ്കളാഴ്ച നടന്ന റാലികളില്‍ ജനപങ്കാളിത്വം കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയില്‍ ഭൂരിപക്ഷമുള്ള പട്ടേല്‍ സമുദായത്തിന് ബിജെപിയോടുള്ള അകല്‍ച്ച പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും നിലനില്‍ക്കുന്നതിന്റെ സൂചനകളായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ ഇന്നത്തെ റാലികളില്‍ പരമാവധി ആളെക്കൂട്ടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനായി ഗുജറാത്തിന്റെ മകനെ കാണാനെത്തൂ എന്ന പേരില്‍ പ്രത്യേക പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിജെപി നടത്തുന്നുണ്ട്. തിങ്കളാഴ്ച നടന്ന റാലികളില്‍ ഗുജറാത്തി പ്രാദേശിക വികാരം ഉണര്‍ത്തിയായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.
ഗിര്‍, സോംനാഥ്, ജുനഗഡ്, അംരേലി ജില്ലകളിലായിരിക്കും രണ്ട് ദിവസങ്ങളിലായി രാഹുല്‍ പര്യടനം നടത്തുക. സൌരാഷ്ട്രയുള്‍പ്പെടെയുള്ള 89 മണ്ഡലങ്ങളില്‍ ഡിസംബര്‍ 9നാണ് തെരഞ്ഞെടുപ്പ്.