< Back
India
ലാലുവിന്റെ മകളും എംപിയുമായ മിസാ ഭാരതിയുടെ വീട്ടില്‍ റെയ്ഡ്ലാലുവിന്റെ മകളും എംപിയുമായ മിസാ ഭാരതിയുടെ വീട്ടില്‍ റെയ്ഡ്
India

ലാലുവിന്റെ മകളും എംപിയുമായ മിസാ ഭാരതിയുടെ വീട്ടില്‍ റെയ്ഡ്

Jaisy
|
8 May 2018 8:13 PM IST

1000 കോടി രൂപയുടെ ബിനാമി ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസ ഭാരതിയുടെ വസതിയിലടക്കം ഡല്‍ഹിയിലെ 3 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 1000 കോടി രൂപയുടെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.

ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ ബിനാമി സ്വത്തുകള്‍ക്ക് ആധാരവില 9.32 കോടിയോളമാണെങ്കിലും നിലവില്‍ 170 കോടി വിലമതിക്കുമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്. ഡല്‍ഹി ബിജ്വാസന്‍ ഏരിയയിലെ ഫാം ഹൌസ്, ആഡംബര വസതി, മറ്റ് കെട്ടിടങ്ങള്‍, പാറ്റ്നയിലെ ഭൂമി ഇടപാട്എന്നിവ ബിനാമി പേരിലായിരുന്നു എന്നാണ് കണ്ടെത്തല്‍.

ഈ കേസില്‍ മിസ ഭാരതിയുടെയും ഭര്‍ത്താവ് ശൈലേഷ് കുമാറിന്റെയും ബീഹാര്‍ ഉപമുഖ്യമന്ത്രി തേജ്സ്വി യാദവിന്റെയും സ്വത്തുകള്‍ ആദായനികുതി വകുപ്പ് നേരത്തെ കണ്ടുകെട്ടിയിരുന്നു. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.

ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍ മന്ത്രിയായിരിക്കെ അനധികൃതമായി കരാര്‍ നല്‍കിയെന്ന കേസിലെ സിബിഐ റെയ്ഡിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയത്. യുപിഎ ഭരണകാലത്ത് റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് റാഞ്ചിയിലേയും പൂരിയിലേയും ഹോട്ടലുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി അനധികൃത കരാര്‍ നല്‍കിയ കേസിലാണ് സിബിഐ ഇന്നലെ ലാലുവിന്റെ വസതിയിലടക്കം 12 റെയ്ഡ് നടത്തിയത്. കുടുംബാംഗങ്ങളെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തനിക്കും കുടുംബത്തിനും എതിരെ വരുന്ന കേസുകളുടെ നിര രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. അമിത് ഷായുടെയും മോദിയുടെയും ഗൂഢാലോചനയുടെ ഭാഗമാണ് അന്വേഷണങ്ങളെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു.

Related Tags :
Similar Posts