< Back
India
ഗോ സംരക്ഷകരെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശംഗോ സംരക്ഷകരെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശം
India

ഗോ സംരക്ഷകരെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശം

Jaisy
|
14 May 2018 3:58 PM IST

ഗോസംരക്ഷകര്‍ യഥാര്‍ത്ഥത്തില്‍ സംരക്ഷകരല്ലെന്ന് പ്രധാനമന്ത്രി തിരിച്ചറിയാന്‍ വൈകിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു

ഗോ സംരക്ഷക സേനകളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നുള്ള വിമര്‍ശം ശക്തമാവുന്നു. ഗോസംരക്ഷകര്‍ യഥാര്‍ത്ഥത്തില്‍ സംരക്ഷകരല്ലെന്ന് പ്രധാനമന്ത്രി തിരിച്ചറിയാന്‍ വൈകിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ പ്രസംഗം ദലിത് വോട്ടുകള്‍ നേടാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. അതിനിടെ ഗോസംരക്ഷണത്തിന് സര്‍ക്കാരുകള്‍ ഒന്നും ചെയ്യാത്തതുകൊണ്ടാണ് ജനങ്ങള്‍ മുന്നിട്ടിറങ്ങുന്നതെന്ന് പ്രസ്താവനയുമായി ഗോസംരക്ഷണ സേനാ നേതാവും രംഗത്തു വന്നു. ഇന്നലെ വൈകിട്ടും പശുക്കളെ കയറ്റിയ വണ്ടി പിടിച്ചതായി ഗോ സംരക്ഷണ സേനാ നേതാവ് ധര്‍മേന്ദ്ര യാദവ് അവകാശപ്പെട്ടു.

ഗോസംരക്ഷകര്‍ യഥാര്‍ത്ഥത്തില്‍ സംരക്ഷകരല്ലെന്നും അതിന്റെ പേരില്‍ ജനങ്ങളെ ആക്രമിക്കുന്നവരാണെന്നും തിരിച്ചറിയാന്‍ പ്രധാനമന്ത്രി വൈകിപ്പോയെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിലുള്ള പ്രാധാനമന്ത്രിയുടെ പ്രസംഗവും ഒരുപാട് വൈകിപ്പോയി. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൌനം ദളിതര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. ഒടുവില്‍ ദലിതര്‍ തെരുവിലിറങ്ങിയപ്പോള്‍ മാത്രമാണ് പ്രധാനമന്ത്രി മൌനം വെടിയാന്‍ തയ്യാറായതെന്നും ബൃന്ദാകാരാട്ട് കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി രാജ്യത്ത് അസ്വസ്ഥത പടര്‍ത്തുന്നവരെ വച്ചു പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ശബ്ദം വ്യക്തമാണെന്നും അവകാശപ്പെട്ടു. പക്ഷേ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ശേഷവും പശുക്കളെക്കയറ്റിയ വണ്ടി പിടിച്ചുവെന്ന അവകാശവാദവുമായി ഗുരുഗ്രാം ഗോസംരക്ഷണ സേനാ അദ്ധ്യക്ഷന്‍ ധര്‍മേന്ദ്ര യാദവ് രംഗത്തു വന്നു. പശു സംരക്ഷണത്തിന് സര്‍ക്കാരുകള്‍ നടപടിയെടുത്തിരുന്നുവെങ്കില്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തില്ലായിരുന്നുവെന്നും ധര്‍മേന്ദ്ര യാദവ് പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസ് സേന നിര്‍വീര്യമാണെന്നും എല്ലായിടത്തും അഴിമതിയാണെന്നും ഗോസംരക്ഷണ സേനാ നേതാവ് ആരോപിച്ചു.

Similar Posts