< Back
India
ജെഎന്‍യു പ്രൊഫസര്‍ക്കെതിരായ ലൈംഗിക ചൂഷണ പരാതി: അറസ്റ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സമരംജെഎന്‍യു പ്രൊഫസര്‍ക്കെതിരായ ലൈംഗിക ചൂഷണ പരാതി: അറസ്റ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സമരം
India

ജെഎന്‍യു പ്രൊഫസര്‍ക്കെതിരായ ലൈംഗിക ചൂഷണ പരാതി: അറസ്റ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സമരം

Sithara
|
18 May 2018 10:36 PM IST

ലൈംഗിക ചൂഷണ പരാതിയില്‍ പ്രൊഫസറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം.

ലൈംഗിക ചൂഷണ പരാതിയില്‍ പ്രൊഫസറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. എഫ്ഐആര്‍ തയ്യാറാക്കി ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രൊഫസറെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ വസന്ത്കുഞ്ച് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പ്രൊഫസറുടെ അറസ്റ്റ് ആവശ്യപ്പെട്ട് വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്തത്. ഐപിഎസി 354, 509 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയത്. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

നിയമാനുസൃതമായി അന്വേഷണം തുടരുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന മറുപടി. അന്വേഷണത്തിന്റെ ഭാഗമായി നാളെ ഹാജരാകണമെന്ന് പ്രൊഫസര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ 9 വിദ്യാര്‍ഥികള്‍ പ്രൊഫസറായ അതുല്‍ ജോഹ്രി ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന് വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കിയത്. ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുക, വസ്ത്രത്തെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുക, ഒറ്റക്ക് വരാന്‍ ആവശ്യപ്പെടുക, ഭീഷണിപ്പെടുത്തുക എന്നിവ പ്രൊഫസര്‍ പതിവായി തുടര്‍ന്നിരുന്നതായി വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പറയുന്നു.

Related Tags :
Similar Posts