< Back
India
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി: ഹരജി ഇന്ന് പരിഗണിക്കുംഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി: ഹരജി ഇന്ന് പരിഗണിക്കും
India

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി: ഹരജി ഇന്ന് പരിഗണിക്കും

admin
|
23 May 2018 3:20 AM IST

ജൂലൈ അവസാനത്തോടെ തീരുമാനമെടുക്കുമെന്നും അവസാനഘട്ടത്തില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി സുപ്രീം കോടതിയെ

ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ടുള്ള കെജരിവാള്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന്പരിഗണിയ്ക്കും. ഈ വിഷയത്തില്‍ ജൂലൈ അവസാനത്തോടെ തീരുമാനമെടുക്കുമെന്നും അവസാനഘട്ടത്തില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.

പൂര്‍ണ സംസ്ഥാനപദവി ആവശ്യപ്പെട്ടുകൊണ്ടുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജി അടിയന്തര പ്രാധാന്യമുള്ളതെന്ന് വിലയിരുത്തിയാണ് തിങ്കളാഴ്ച തന്നെ പരിഗണിയ്ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ഈ വിഷയത്തില്‍ തീരുമാനം പറയാന്‍ സ്വയം സമയ പരിധി തീരുമാനിച്ചിട്ടുണ്ടെന്നും വിചാരണാ നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതിനാല്‍ അത് നിര്‍ത്തിവെയ്ക്കാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയം ഫെഡറല്‍ ഘടനയെ സംബന്ധിയ്ക്കുന്നതാണെന്നും ഭരണഘടനയുടെ നൂറ്റി മുപ്പത്തി ഒന്നാം വകുപ്പനുസരിച്ച് ഇക്കാര്യം സുപ്രീം കോടതിയുടെ മാത്രം പരിധിയില്‍ വരുന്നതാണെന്നും ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന ബന്ധവും ലഫ്റ്റ്നന്റ് ഗവര്‍ണറുടെ അധികാരവും കൃത്യമായി നിര്‍വചിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി പോലീസിന്റെ നിയന്ത്രണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ അധികാരത്തിലിരിയ്ക്കുന്ന ബി.ജെ.പി സര്‍ക്കാരും ഡല്‍ഹിയിലെ ആം അദ്മി പാര്‍ട്ടി സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ വടംവലിയ്ക്ക് ആക്കം കൂട്ടുന്ന പൂര്‍ണസംസ്ഥാന പദവിയെന്ന വിഷയത്തില്‍ ഇനി നേരിട്ടുള്ള നിയമ പോരാട്ടവും ആരംഭിയ്ക്കുകയാണ്.

Similar Posts