< Back
India
നീറ്റില്‍ കേരളത്തിന് ഇളവ് കിട്ടുന്ന കാര്യം അനിശ്ചിതത്വത്തില്‍നീറ്റില്‍ കേരളത്തിന് ഇളവ് കിട്ടുന്ന കാര്യം അനിശ്ചിതത്വത്തില്‍
India

നീറ്റില്‍ കേരളത്തിന് ഇളവ് കിട്ടുന്ന കാര്യം അനിശ്ചിതത്വത്തില്‍

admin
|
28 May 2018 3:45 AM IST

സ്വന്തമായി പ്രവേശന പരീക്ഷാ നിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് സുപ്രീംകോടതി ഇന്ന് പറഞ്ഞിരുന്നു

മെഡിക്കല്‍ പ്രവേശനത്തിന് നിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് നീറ്റില്‍ ഇളവ് നല്‍കണമോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രിം കോടതി. ഇതോടെ സ്വന്തമായി നിയമമില്ലാത്ത കേരളത്തിന് ഇളവ് ലഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി. അതേസമയം സ്വകാര്യ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കില്ലെന്ന് കോടതി പറഞ്ഞു.

നീറ്റ് ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സ്വകാര്യ മാനേജ്മെന്റുകളുമാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഓരോ സംസ്ഥാനങ്ങളുടെയും വാദം സുപ്രിം കോടതി വിശദമായി ഇന്ന് കേട്ടു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യമായ അധികാരമുള്ള വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര നിയമമില്ലെങ്കില്‍ സംസ്ഥാന നിയമമാണ് പരിഗണിക്കേണ്ടത്. ഈ സാഹചര്യത്തില്‍ നീറ്റ് നടപ്പിലാക്കാന്‍ ഉത്തരവിടുന്നത് ശരിയല്ലെന്ന വാദമാണ് കോടതിയില്‍ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയത്. തുടര്‍ന്നാണ് മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശം നല്‍കാന്‍ നിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ കഴിയുമോ എന്നറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയോടും കോടതി ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ ഇളവ് നല്‍കിയാല്‍ അതിന്റെ ഗുണം കേരളത്തിന് ലഭിക്കില്ല. നിലവില്‍ മെഡിക്കല്‍ പ്രവേശത്തിന് കേരളത്തില്‍ നിയമം നിലവിലില്ല.

2007 വിഎസ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ നിയമത്തിലെ പ്രവേശ നടപടികള്‍ പരാമര്‍ശിക്കുന്ന വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കേരളം നല്‍കിയ അപ്പീല്‍ സുപ്രിം കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. അതേസമയം സ്വകാര്യ മാനേജ്മെന്റുകള്‍ സ്വന്തം നിലക്ക് നടത്തിയ പ്രവേശ പരീക്ഷകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗിണിക്കുന്നേ ഇല്ലെന്നും ഇക്കാര്യത്തില്‍ ന്യൂനപക്ഷ ഭൂരിപക്ഷ പരിഗണനയില്ലെന്നും കോടതി പറഞ്ഞു. ഹരജികളില്‍ സുപ്രിം കോടതി നാളെയും വാദം കേള്‍ക്കും.

Similar Posts