< Back
India
18000 വിധവകളുടെ അനുഗ്രഹാശ്ശിസുകളില്‍ അവര്‍ വിവാഹിതരായി18000 വിധവകളുടെ അനുഗ്രഹാശ്ശിസുകളില്‍ അവര്‍ വിവാഹിതരായി
India

18000 വിധവകളുടെ അനുഗ്രഹാശ്ശിസുകളില്‍ അവര്‍ വിവാഹിതരായി

admin
|
28 May 2018 8:38 PM IST

ബാണശക്ത,മെഹ്സന,സമ്പ്രാകാന്ത,പടന്‍,ആരവല്ലി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വിധവകളെയാണ് പട്ടേലിന്റെ മകന്‍ രവി പട്ടേലിന്റെ വിവാഹത്തിന് ക്ഷണിച്ചത്.

ചില അന്ധവിശ്വാസങ്ങള്‍ക്ക് കാലം എത്ര പുരോഗമിച്ചാലും മാറ്റമുണ്ടാകില്ല, അതും ഭാരതത്തെപ്പോലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിളനിലമായ ഒരു നാട്ടില്‍. അന്ധവിശ്വാസത്തിന്റെ ഭാഗമായി വിധവകളെ പൊതുസമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പണ്ട് കാലങ്ങളിലെ പതിവ് പിന്തുടരുന്നവരാണ് ഗുജറാത്തുകാര്‍. ഗുജറാത്തിലെ ചില ഗ്രാമങ്ങളില്‍ വിധവകള്‍ക്ക് ഭ്രഷ്ട് തന്നെ കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഭ്രഷ്ടൊന്നും വ്യവസായ പ്രമുഖനായ ജിതേന്ദ്ര പട്ടേലിന് ഒരു വിഷയമല്ല. തന്റെ മകന്റെ വിവാഹത്തിന് 18000 വിധവകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ദുരാചാരത്തിനെതിരെ വിരല്‍ ചൂണ്ടിയത്.

ബാണശക്ത,മെഹ്സന,സമ്പ്രാകാന്ത,പടന്‍,ആരവല്ലി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വിധവകളെയാണ് പട്ടേലിന്റെ മകന്‍ രവി പട്ടേലിന്റെ വിവാഹത്തിന് ക്ഷണിച്ചത്. വിവാഹ ശേഷം വെറുംകയ്യോടെയല്ല ഈ വിധവകള്‍ മടങ്ങിയത്, കറവപ്പശുക്കളും കമ്പിളിപ്പുതപ്പും വൃക്ഷത്തൈകളും അവര്‍ക്ക് സമ്മാനമായി ജിതേന്ദ്ര പട്ടേല്‍ നല്‍കി. രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. അവര്‍ക്കൊന്നും കൊടുക്കാത്ത പ്രത്യേക പരിഗണനയാണ് വിവാഹവേദിയില്‍ വിധവകള്‍ക്ക് ലഭിച്ചത്. വിധവകളെ സമൂഹം അവഗണിക്കുകയാണെന്നും അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട് വിധവകളെ മംഗള കര്‍മ്മങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തരുതെന്നും പട്ടേല്‍ പറഞ്ഞു.

താനൊരിക്കലും ഇത്തരത്തിലുള്ള സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിധവയും അന്‍പത്തിയഞ്ചുകാരിയുമായ ഹന്‍സ താക്കൂര്‍ പറഞ്ഞു. കോടികള്‍ ചെലവഴിച്ച് വിവാഹം ധൂര്‍ത്തിന്റെ ഉത്സവമാക്കുന്ന ധനാഢ്യന്‍മാര്‍ക്ക് മുന്നില്‍ ഒരു മാതൃകയായിരിക്കുകയാണ് ജിതേന്ദ്ര പട്ടേല്‍.

Similar Posts