നികുതി പിരിവ്; ജിഎസ്ടി കൌണ്‍സിലില്‍ ഇന്നും ചര്‍ച്ച തുടരുംനികുതി പിരിവ്; ജിഎസ്ടി കൌണ്‍സിലില്‍ ഇന്നും ചര്‍ച്ച തുടരും
|നോട്ട് അസാധുവാക്കലും ചര്‍ച്ചയാകും

നികുതി പിരിവ് സംബന്ധിച്ച് ജിഎസ്ടി കൌണ്‍സിലില്‍ ഇന്നും ചര്‍ച്ച തുടരും.ഇന്നലെ വിഷയം വിശദമായി ചര്‍ച്ച ചെയ്തെങ്കിലും സമവായത്തിലെത്താനായില്ല. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് നിലനില്‍ക്കുകയും കേന്ദ്രം വിട്ട് വീഴ്ചക്ക് തയ്യാറാകാതിരിക്കുകയും ചെയ്യുന്നതിനാല്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളത്തില്‍ നിയമം യാഥാര്‍ത്ഥ്യമാകാനിടയില്ല. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ അക്കാര്യവും ഇന്ന് ചര്‍ച്ചയാകും.
ചരക്ക് സേവന നികുതി സംബന്ധിച്ച ചര്‍ച്ചകളോളം തന്നെ പഴക്കമുള്ള ഒന്നാണ് നികുതി പിരിവ് സംബന്ധിച്ച തര്‍ക്കവും. 50 ലക്ഷം മുതല്‍ ഒന്നര കോടിവരെ വരുമാനമുള്ളവരില്‍ന്നും ചരക്ക് നികുതി മാത്രം സംസ്ഥാനങ്ങളും അതിനുമുകളിലേക്ക് കേന്ദ്രവും സംസ്ഥാനവും പിരിക്കാമെന്നുമാണ് നിലവിലെ വ്യവസ്ഥയിലുള്ളത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഒന്നരക്കോടി വരെ ചരക്ക് - സേവന നികുതികള്‍ പിരിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കായിരിക്കം എന്നതാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാദിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍, സേവന ദാതാക്കള്‍ എന്നിവരുമായി സംസ്ഥാന സര്‍ക്കാരുകളാണ് ഇടപാടുകള്‍ നടത്തുക എന്നും കേന്ദ്ര തീരുമാനം പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് എന്നുമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്.
നികുതി പിരിവ് സംബന്ധിച്ച് ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്രത്തിന് എതിരാണ്. കൌണ്‍സിലില്‍ തീരുമാനമെടുക്കണമെങ്കില്‍ 75 ശതമാനം വോട്ട് ആവശ്യമാണ്. അതുകൊണ്ട് തന്നെ ഈ തര്‍ക്കം പരിഹരിച്ചാല്‍ മാത്രമേ തുടര്‍ നടപടികളുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാനാവു.