< Back
India
എംജിആറും ജയയും... ഡിസംബറിന്റെ ദുഖങ്ങള്‍എംജിആറും ജയയും... ഡിസംബറിന്റെ ദുഖങ്ങള്‍
India

എംജിആറും ജയയും... ഡിസംബറിന്റെ ദുഖങ്ങള്‍

Alwyn
|
29 May 2018 6:13 PM IST

ഇവരുടെ ഹൃദയബന്ധത്തിന്റ രസതന്ത്രം പോലെ തന്നെ ചരിത്ര നിയോഗമാവുകയാണ് ഇരുവരുടെയും അന്ത്യവും.

ജയലളിതയെയും എംജിആറിനെയും പോലെ മറ്റൊരു മുഖ്യമന്ത്രിമാരെയും തമിഴകം ഇത്രത്തോളം നെഞ്ചോട് ചേര്‍ത്തിട്ടില്ല. ഇവരുടെ ഹൃദയബന്ധത്തിന്റ രസതന്ത്രം പോലെ തന്നെ ചരിത്ര നിയോഗമാവുകയാണ് ഇരുവരുടെയും അന്ത്യവും. ഡിസംബറിലാണ് ജയലളിതയെ പോലെ എംജിആറും തമിഴകത്തിന്റെ നെഞ്ചുപിളര്‍ത്തി യാത്രയായത്.

മൂന്ന് പതിറ്റാണ്ട് മുമ്പ് ഒരു ഡിസംബര്‍ ഏല്‍പ്പിച്ച പ്രഹരം തമിഴന്റെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. ആ വേദന മാറും മുമ്പാണ് തങ്ങളുടെ പ്രിയപ്പെട്ട അമ്മയെയും ഡിസംബര്‍ കവര്‍ന്നെടുത്തത്. ജയലളിതയും എംജിആറും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പോലെ തന്നെ ഇരുവരുടെ മരണത്തിനും സമാനതകളേറെ. 1984ല്‍ ഗുരുതരമായ വൃക്കരോഗം ബാധിച്ച് എംജിആര്‍ അപ്പോളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ മരണത്തോട് മല്ലടിച്ചു. തമിഴകം പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ദിനങ്ങള്‍. ജനമനസറിഞ്ഞെന്നോണം എംജിആര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. വീണ്ടും ‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് അപ്പോളോയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 1987 ഡിസംബര്‍ 24ന് എംജിആര്‍ ‍ വിടവാങ്ങി.

പിന്നീട് ജയലളിതയെ എംജിആറിന്റ പിന്‍ഗാമിയായി തമിഴകം ഏറ്റെടുത്തു. മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയില്‍ എംജിആറിന്റെ അമ്മു അവര്‍ക്ക് പുരട്ചി തലൈവിയും അമ്മയുമായി. ജയലളിതയുടെ ഓരോ ശ്വാസത്തിനുമൊപ്പം അവര്‍ അടിയുറച്ചു നിന്നു. സെപ്തംബറില്‍ ജയലളിതയെ കടുത്ത പനിയും നിര്‍ജ്ജലീകരണവും കാരണം ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും തമിഴന്‍ വികാരാധീനനായി. പ്രാര്‍ഥനകളും ആത്മാഹുതികളും. വിവേകത്തിനപ്പുറം അമ്മയെന്ന വികാരം തിളച്ചു മറിഞ്ഞു. അനിശ്ചിതത്വത്തിന്റെ രണ്ടു മാസങ്ങള്‍. പ്രാര്‍ഥനകള്‍ സഫലമായെന്നോണം ജയലളിത ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോഴാണ് പൊടുന്നനെ മരണം. എംജിആര്‍ മരിച്ച അതേമാസം, അതേ ആശുപത്രിയില്‍... തമിഴന്റെ നെഞ്ചിനേറ്റ ഡിസംബറിലെ രണ്ട് മുറിവുകള്‍.

Related Tags :
Similar Posts