< Back
India
ജാമഅ മില്ലിയ സര്‍വ്വകലാശാലയില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് നടത്താനിരിക്കുന്ന ഇഫ്താറിനെതിരെ പ്രതിഷേധംജാമഅ മില്ലിയ സര്‍വ്വകലാശാലയില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് നടത്താനിരിക്കുന്ന ഇഫ്താറിനെതിരെ പ്രതിഷേധം
India

ജാമഅ മില്ലിയ സര്‍വ്വകലാശാലയില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് നടത്താനിരിക്കുന്ന ഇഫ്താറിനെതിരെ പ്രതിഷേധം

admin
|
29 May 2018 9:07 AM IST

ഇതാദ്യമായാണ് ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ ഇഫ്താര്‍ നടക്കുന്നത്. ഇഫ്താറിന് അധികൃതര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി.....

ആര്‍എസ്എസിന്‍റെ പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് നാളെ ജാമഅ മില്ലിയ സര്‍വ്വകലാശാലയില്‍ നടത്താനിരിക്കുന്ന ഇഫ്താറിനെതിരെ പ്രതിഷേധം. ഇഫ്താറിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. ഇതാദ്യമായാണ് ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ ഇഫ്താര്‍ നടക്കുന്നത്.

ആര്‍എസ്എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം സംഘടനയാണ് മുസ്ലിം രാഷ്ട്രീയ മഞ്ച്. എല്ലാ റമദാനിനിലും സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടക്കാറുണ്ട്. ഇത്തവണത്തെ ഇഫ്താര്‍ നിശ്ചയിച്ചിരിക്കുന്നത് ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വ്വകലാശാലയിലും. ആദ്യമായാണ് ജാമിഅ സര്‍വ്വകലാശാല ഇത്തരത്തിലൊരു പരിപാടിക്ക് വേദിയാകുന്നത്. അതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും ഉയര്‍ന്നു. ആര്‍എസ്എസിന്‍റെ മുതിര്‍ന്ന നേതാവായ ഇന്ദ്രേശ് കുമാറാണ് ഇഫ്താറില്‍ മുഖ്യ അതിഥിയായി എത്തുന്നത്. ഹിന്ദുത്വ തീവ്രവാദികള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്ഫോടന പരമ്പരകളുമായി ബന്ധമുണ്ടെന്ന ആരോപണം ഇന്ദ്രേഷ്കുമാറിനെതിരെ ഉയര്‍ന്നിരുന്നു. അങ്ങനെയുള്ള ഒരാളെ മുഖ്യാതിഥിയാക്കിയുള്ള പരിപാടി അംഗീകരിക്കാനാകില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം.

ഇഫ്താറിന് അധികൃതര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. ഇഫ്താര്‍ നടക്കുന്ന നാളെ സര്‍വ്വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ എതിര്‍ ഇഫ്താര്‍ നടത്തി പ്രതിഷേധിക്കും. ജാമിഅ സര്‍വ്വകലാശാല ചാന്‍സിലറായി ബിജെപി നേതാവ് നജ്മ ഹെപ്തുള്ളയെ കഴിഞ്ഞാഴ്ച കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ ഇഫ്താറിന് അനുമതി നല്‍കിയത് സര്‍വ്വകലാശാലയെ കാവി വത്കരിക്കാനുള്ള നീക്കങ്ങളുടെ തുടര്‍ച്ചയായും വിലയിരുത്തപ്പെടുന്നുണ്ട്.

Related Tags :
Similar Posts