India
യോഗി ആദിത്യനാഥ് അയോധ്യയില്‍യോഗി ആദിത്യനാഥ് അയോധ്യയില്‍
India

യോഗി ആദിത്യനാഥ് അയോധ്യയില്‍

Muhsina
|
31 May 2018 2:09 PM IST

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെത്തി. താല്‍ക്കാലിക രാമക്ഷേത്രം മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും..

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ താല്‍ക്കാലിക രാമ ക്ഷേത്രം സന്ദര്‍ശിച്ചു. എല്‍കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ ബാബരി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചനക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്‍റെ സന്ദര്‍ശനം. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തനിടെ ആദ്യമായാണ് ഒരു യുപി മുഖ്യമന്ത്രി രാമക്ഷേത്രത്തിലെത്തുന്നത്.

ഇന്ന് രാവിലെ അയോധ്യയിലെത്തിയ യോഗി ആദിത്യനാഥ് ആദ്യം സന്ദര്‍ശിച്ചത് പ്രദേശത്തെ ഹനുമാന്‍ ഗാഡി ക്ഷേത്രത്തിലാണ്. തുടര്‍ന്ന് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് സ്ഥാപിച്ച താല്‍ക്കാലിക രാമ ക്ഷേത്രത്തിലെത്തി. രാമ ക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളോടെയാണ് യോഗി ആദിത്യനാഥിനെ പ്രവര്‍ത്തകര്‍ വരവേറ്റത്. അവിടെ പൂജ നിര്‍വഹിച്ച യോഗി ആദിത്യനാഥ് സരയു നദിക്കരയിലും പൂജ നടത്തി. രാജമന്മഭൂമി ന്യാസ് അധ്യക്ഷനും, ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയുമായ മഹന്ത് ഗോപാല്‍ ദാസിന്‍റെ ജന്മദിന ചടങ്ങിലും യോഗി ആദ്യനാഥ് പങ്കെടുത്തു.

ബാബരി മസ്ജദി തകര്‍ത്തതിലെ ക്രിമിനല്‍ ഗൂഢാലോചനകുറ്റം എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി ഉള്‍പ്പെടേയുള്ള നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം ലക്നൌവിലെ പ്രത്യേക സിബിഐ കോടതി ചുമത്തിയിരുന്നു. നേതാക്കള്‍ക്കെതിരായ നിയമ നടപടികള്‍ക്ക് ശേഷവും രാമക്ഷേത്ര വിഷയത്തില്‍ ബിജെപിയുടെ നിലപാടില്‍ മാറ്റമില്ലെന്നതിന്‍റെ പ്രഖ്യാപനമായാണ് തൊട്ടടുത്ത ദിവസം തന്നെയുള്ള യോഗി ആദത്യനാഥിന്‍റെ ക്ഷേത്ര സന്ദര്‍ശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഒപ്പം വരും നാളുകളില്‍ സജീവമായി രാമജന്മഭൂമി വിഷയം പൊതു മധ്യത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന സന്ദേശവും യോഗിയുടെ സന്ദര്‍ശനത്തിലുണ്ട്.

Similar Posts