< Back
India
മുല്ലപ്പെരിയാര്‍: കേരളത്തിനെതിരായ തമിഴ്‍നാടിന്റെ ഹരജി സുപ്രീംകോടതി തള്ളിമുല്ലപ്പെരിയാര്‍: കേരളത്തിനെതിരായ തമിഴ്‍നാടിന്റെ ഹരജി സുപ്രീംകോടതി തള്ളി
India

മുല്ലപ്പെരിയാര്‍: കേരളത്തിനെതിരായ തമിഴ്‍നാടിന്റെ ഹരജി സുപ്രീംകോടതി തള്ളി

admin
|
1 Jun 2018 11:42 PM IST

മൂന്ന് ഇന ആവശ്യങ്ങളടങ്ങിയ ഹരജിയാണ് തമിഴ്‍നാട് നല്‍കിയത്

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷക്കായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‍നാട് നല്‍കിയ ഹരജി സുപ്രിം കോടതി നിരസിച്ചു. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ ഭരണഘടന ബെഞ്ച് വിധി നിലനില്‍ക്കുന്നതിനാല്‍ ഹരജി സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ടി എസ് ടാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഹരജി നിരസിച്ചത്. ഇതേതുടര്‍ന്ന് തമിഴ്‍നാട് ഹരജി പിന്‍വലിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷക്ക് കേന്ദ്ര സേനയെ വിന്യസിക്കണം, ഡാമിലെത്തുന്ന തമിഴ്നാടിന്റെ ഉദ്യോഗസ്ഥരെ കേരളത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ ദേഹ പരിശോധനക്ക് വിധേയമാക്കുന്നത് നിര്‍ത്തലാക്കണം, പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിനുള്ള പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കണം എന്നീ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ്, തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ചീഫ് ജസ്റ്റിസ് ടിഎസ് ടാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹരജി സ്വീകരിച്ചില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ച് 2014ല്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. അന്ന് ഉന്നയിക്കപ്പെടാത്ത ആവശ്യങ്ങളാണ് തമിഴ്നാട് പുതുതായി ഇപ്പോള്‍ ഉന്നയിക്കുന്നത്. അതിനാല്‍, 2014ലെ ഉത്തരവ് ഭേദഗതി ചെയ്യാനുള്ള പുനപ്പരിശോധന ഹരജിയെ അനുവദിക്കാനാകൂ. അതിനാല്‍, തമിഴ്നാട് ഇപ്പോള്‍ നല്‍കിയ പ്രത്യേക ഹരജി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ഇതേതുടര്‍ന്ന് തമിഴ് നാട് ഹരജി പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു. തമിഴ്നാടിന് വേണമെങ്കില്‍ ഇനി ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് പുനപ്പരിശോധന ഹരജി നല്‍കാം.

Similar Posts