എപിയില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 7 തൊഴിലാളികള്‍ മരിച്ചുഎപിയില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 7 തൊഴിലാളികള്‍ മരിച്ചു
|വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മൊറം പഞ്ചായത്തിലെ വെങ്കിടേശ്വര ഹാച്ചറിയിലെ അഴുക്കു ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം നടന്നത്
ഡ്രയിനേജ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മൊറം പഞ്ചായത്തിലെ വെങ്കിടേശ്വര ഹാച്ചറിയിലെ അഴുക്കു ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം നടന്നത്. എം.രമേശ്(32),ജി.ഗോവിന്ദ(35),ബി.രാമചന്ദ്ര(23),എ.റെഡിപ്പ(30),ആര്‍.ബാബു(30), കേശവ്(20),ബി.വെങ്കിട്ട രാജുലു(23) എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന ശിവകുമാര്‍ റെഡ്ഡി എന്നയാളുടെ നില അതീവഗുരുതരമാണ്. ഇരുപത്തിനാല് മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ടാങ്കിനുള്ളില്‍ ഓക്സിജനില്ലാത്തതും വിഷമയമായ വായുവും ഉണ്ടായിരുന്നതാണ് മരണകാരണം. എട്ട് പേരടങ്ങുന്ന സംഘമാണ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയത്. റെഡീപ്പയാണ് ആദ്യം ഏണി വഴി ടാങ്കില്‍ ഇറങ്ങിയത്. റെഡീപ്പയെ കാണാത്തതിനാല്‍ മൂന്ന് പേര്‍ കൂടി ടാങ്കിലിറങ്ങി. തുടര്‍ന്ന് മറ്റുള്ളവര്‍ കൂടി ടാങ്കിലിറങ്ങുകയായിരുന്നു. ഇതില്‍ ശിവകുമാര്‍ റെഡ്ഡിയെ മാത്രമാണ് ജീവനോടെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഇയാളെ ഉടനെ തന്നെ തമിഴ്നാട്, വെല്ലൂര്‍ സിഎംസി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തൊഴിലാളികളെ ടാങ്കിലേക്കിറക്കിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ സൂപ്പര്‍വൈസര്‍മാരുടെ അറിവോടെയല്ല തൊഴിലാളികളെ അയച്ചതെന്ന് കമ്പനിയും അറിയിച്ചു. സംഭവത്തോടെ വെങ്കിടേശ്വര ഹാച്ചറി പ്ലാന്റ് മാനേജര്‍ ഒളിവില്‍ പോയി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ആരോഗ്യമന്ത്രി ഡോ.കാമിനേനി ശ്രീനിവാസ് പറഞ്ഞു.