രാമായണത്തിലെ സീത ടെസ്റ്റ് ട്യൂബ് ശിശു; വിചിത്രവാദവുമായി വീണ്ടും ദിനേശ് ശര്‍മ്മരാമായണത്തിലെ സീത ടെസ്റ്റ് ട്യൂബ് ശിശു; വിചിത്രവാദവുമായി വീണ്ടും ദിനേശ് ശര്‍മ്മ
|ആധുനിക ശാസ്ത്രത്തിന് ഇന്ത്യ നല്‍കിയ സംഭാവനകളെക്കുറിച്ച പരാമര്‍ശിക്കുമ്പോഴാണ് മന്ത്രി പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്
രാമായണത്തിലെ സീത ടെസ്റ്റ് ട്യൂബ് ശിശു ആയിരുന്നെന്നു ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ. ആധുനിക ശാസ്ത്രത്തിന് ഇന്ത്യ നല്‍കിയ സംഭാവനകളെക്കുറിച്ച പരാമര്‍ശിക്കുമ്പോഴാണ് മന്ത്രി പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്.

“സീത ദേവിയെ ഉഴവുചാലിൽ മൺകുടത്തിൽ നിന്ന് കണ്ടുകിട്ടിയെന്നാണ് രാമായണം പറയുന്നത്. അന്നത്തെ കാലത്ത് ടെസ്റ്റ് ട്യൂബ് ശിശു സമ്പ്രദായം നിലനിന്നിരുന്നു എന്നല്ലേ ഇതിനർത്ഥം. വെള്ളിയാഴ്ച ഒരു പൊതുപരിപാടിക്കിടെ ദിനേശ് ശർമ ചോദിച്ചു.
ആധുനിക കാലത്തെ പല സാങ്കേതിക വിദ്യകളും ആരംഭിച്ചത് പുരാണങ്ങളിലും ഇതിഹാസങ്ങളിലുമാണെന്നാണ് ദിനേശ് ശർമ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം നാരദനാണ് ആദ്യത്തെ റിപ്പോര്‍ട്ടര്‍ എന്നൊരു മണ്ടന്‍ പ്രസ്താവനയും ദിനേശ് പുറത്തിറക്കിയിരുന്നു. കുരുക്ഷേത്ര യുദ്ധത്തെക്കുറിച്ച് തത്സമയം ഹസ്തിനപുരിയിൽ ധൃതരാഷ്ട്രരെ അറിയിച്ചിരുന്നത് തേരാളി ആയിരുന്ന സഞ്ജയൻ ആണെന്നും ഇതാണ് ആദ്യത്തെ തത്സമയ വാർത്താ സംപ്രേഷണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിമാനം ആദ്യം കണ്ടുപിടിച്ചത് രാമായണ കാലത്താണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിപ്ലബിന് പിന്നാലെ ദിനേശ് ശര്‍മ്മയുടെ മണ്ടത്തരങ്ങളെയും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. എന്നാല്‍ ഇന്നത്തെ സാങ്കേതിക വിദ്യയെ പഴയ കാലത്തേതുമായി അദ്ദേഹം താരതമ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്ന് ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. മാധ്യമങ്ങള്‍ വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.