< Back
India
സഖ്യമില്ല; മധ്യപ്രദേശില്‍ ഒറ്റക്ക് മത്സരിക്കാന്‍ ബിഎസ്‍പി
India

സഖ്യമില്ല; മധ്യപ്രദേശില്‍ ഒറ്റക്ക് മത്സരിക്കാന്‍ ബിഎസ്‍പി

Web Desk
|
18 Jun 2018 2:25 PM IST

കോണ്‍ഗ്രസുമായി സംസ്ഥാനതലത്തിലോ കേന്ദ്ര തലത്തിലോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബിഎസ്‍പി സംസ്ഥാന അധ്യക്ഷന്‍ നര്‍മ്മദ പ്രസാദ് പറഞ്ഞു

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 230 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്‍പി. കോണ്‍ഗ്രസുമായി സംസ്ഥാനതലത്തിലോ കേന്ദ്ര തലത്തിലോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബിഎസ്‍പി സംസ്ഥാന അധ്യക്ഷന്‍ നര്‍മ്മദ പ്രസാദ് പറഞ്ഞു. ഒരു പാര്‍ട്ടിയുടെയും പേര് പറഞ്ഞിട്ടില്ലെന്നും സമാന ചിന്താഗതിക്കാരുമായി സഖ്യ ശ്രമങ്ങള്‍ നടത്തുമെന്നുമാണ് വ്യക്തമാക്കിയതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രൂപീകരിച്ച കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബിഎസ്‍പിയുമായി സീറ്റ് അടക്കമുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും കോണ്‍ഗ്രസ് നിര്‍ദേശം ബിഎസ്‍പിക്ക് സ്വീകാര്യമാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യമാണ് ബിഎസ്‍പി സംസ്ഥാന അധ്യക്ഷന്‍ തള്ളിയത്. ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റക്ക് 230 സീറ്റിലും മത്സരിക്കുമെന്നും ബിഎസ്‍പി സംസ്ഥാന അധ്യക്ഷന്‍ നര്‍മ്മദ പ്രസാദ് പറഞ്ഞു. സഖ്യ ശ്രമങ്ങള്‍ സംബന്ധിച്ച ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും നര്‍മ്മദ പ്രസാദ് കൂട്ടിച്ചേര്‍ത്തു. സമാന ചിന്താഗതിക്കാരുമായി സഖ്യ ശ്രമങ്ങള്‍ നടത്തുമെന്ന് മാത്രമാണ് വ്യക്തമാക്കിയിരുന്നതെന്നായിരുന്നു കോണ്‍ഗ്രസ് മറുപടി.

ഒരു പാര്‍ട്ടിയുടേയും പേര് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മാനക് അഗര്‍വാള്‍ പ്രതികരിച്ചു. സഖ്യചര്‍ച്ചകളില്‍ സീറ്റ് പങ്ക് വക്കുമ്പോള്‍ കരാര്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന നിലപാട് മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നു. ‍വരുന്ന നവംബറിലോ ഡിസംബറിലോ ആകും മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 2013 ല്‍ കോണ്‍ഗ്രസ് 36.38 ഉം ബിഎസ്‍പി 6.29 ഉം ബിജെപി 44.8 ഉം ശതമാനം വോട്ടാണ് നേടിയത്.

Similar Posts