< Back
India
ഇന്ത്യയുമായുള്ള നിര്‍ണ്ണായക ഉഭയകക്ഷി ചര്‍ച്ച അമേരിക്ക മാറ്റി വെച്ചു
India

ഇന്ത്യയുമായുള്ള നിര്‍ണ്ണായക ഉഭയകക്ഷി ചര്‍ച്ച അമേരിക്ക മാറ്റി വെച്ചു

Web Desk
|
28 Jun 2018 12:53 PM IST

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയും ചൈനയും നവംബര്‍ നാലോടെ അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉഭയകക്ഷി ചര്‍ച്ച മാറ്റിയത്

ഇന്ത്യയുമായുള്ള നിര്‍ണ്ണായക ഉഭയകക്ഷി ചര്‍ച്ച അമേരിക്ക മാറ്റി വെച്ചു. ഒഴിവാക്കാനാകാത്ത കാരണങ്ങള്‍ കൊണ്ടാണ് ചര്‍ച്ച മാറ്റിവെച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ സുഷമസ്വരാജ്, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്, പ്രതിരോധ സെക്രട്ടറി എന്നിവരുമായി നടത്താനിരുന്ന ചര്‍ച്ചയാണ് മാറ്റി വെച്ചത്

ജൂലൈ ആറിനായിരുന്നു അമേരിക്കയും ഇന്ത്യയും തമ്മില്‍ നിര്‍ണ്ണായകമായ ചര്‍ച്ച നടക്കേണ്ടിയിരുന്നത്. കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും നിര്‍മ്മല സീതാരാമനും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കല്‍ പോംപെയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായായിരുന്നു കൂടിക്കാഴ്ച നടത്തേണ്ടത്. എന്നാല്‍ ചര്‍ച്ച മാറ്റിവെച്ചതായി പോംപെയോ സുഷമാസ്വരാജിനോട് വ്യക്തമാക്കിയതായി വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ഒഴിവാക്കാനാത്ത കാരണങ്ങള്‍ കൊണ്ടാണ് ചര്‍ച്ച മാറ്റിവെക്കുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം.

ഇരു രാജ്യങ്ങള്‍ക്കും സൌകര്യമുള്ള മറ്റൊരു തീയ്യതിയില്‍ ചര്‍ച്ച നടക്കുമെന്നും രവീഷ് കുമാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ ആയിരുന്നു ഉഭയകക്ഷി ചര്‍ച്ച സംബന്ധിച്ച തീരുമാനമെടുത്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം, പ്രതിരോധ സഹകരണം തുടങ്ങിയ നിര്‍ണ്ണായക വിഷയങ്ങളിലായിരുന്നു ചര്‍ച്ച.

അതേസമയം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയും ചൈനയും നവംബര്‍ നാലോടെ അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉഭയകക്ഷി ചര്‍ച്ച മാറ്റിയതെന്നതും ശ്രദ്ധേയമാണ്. ഒപ്പം റഷ്യയില്‍ നിന്ന് എസ് - 400 മിസൈല്‍ സിസ്റ്റത്തിനുള്ള ഇന്ത്യയുടെ തീരുമാനവും അമേരിക്കയുടെ പിന്‍മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

Similar Posts