< Back
India
ബലാത്സംഗത്തിനെതിരായ ട്വീറ്റിന്റെ പേരില്‍ നടപടി;  ഐ.എ.എസ് ഉദ്യോഗസ്ഥന്റെ പ്രതികരണമിങ്ങനെ..
India

ബലാത്സംഗത്തിനെതിരായ ട്വീറ്റിന്റെ പേരില്‍ നടപടി; ഐ.എ.എസ് ഉദ്യോഗസ്ഥന്റെ പ്രതികരണമിങ്ങനെ..

Web Desk
|
11 July 2018 10:05 PM IST

2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമതെത്തിയ കശ്മീര്‍ സ്വദേശിയായ ഷാ ഫൈസലിനാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.

രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്ത കശ്മീരിലെ ഐ.എ.എസ് ഉദ്യോഗസ്ഥന് കാരണംകാണിക്കല്‍ നോട്ടീസ്. 2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമതെത്തിയ ഷാ ഫൈസലിനാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.

"ദക്ഷിണേഷ്യയിലെ ബലാത്സംഗ സംസ്കാരത്തിനെതിരെ പരിഹാസ രൂപേണ ട്വീറ്റ് ചെയ്തതിന് എന്‍റെ ബോസില്‍ നിന്ന് പ്രണയ ലേഖനം കിട്ടി"യെന്ന് ഷാ ഫൈസല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ട്വീറ്റിന്‍റെ പേരില്‍ ഫൈസലിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതായി കത്തില്‍ പറയുന്നു.

പുരുഷമേധാവിത്വം + ജനസംഖ്യ + നിരക്ഷരത + മദ്യപാനം + അശ്ലീലം + സാങ്കേതിക വിദ്യ + അരാജകത്വം = റേപ്പിസ്ഥാന്‍ എന്ന ട്വീറ്റിനെതിരെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. ഗുജറാത്തില്‍ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തെന്ന വാര്‍ത്തയോടുള്ള പ്രതികരണമായാണ് ഫൈസല്‍ ഇങ്ങനെ ട്വീറ്റ് ചെയ്തത്.

ഫൈസല്‍ സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണ് കാരണംകാണിക്കല്‍ നോട്ടീസില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. കൊളോണിയല്‍ സ്വഭാവമുള്ള സര്‍വ്വീസ് ചട്ടങ്ങള്‍ ജനാധിപത്യ രാജ്യത്ത് സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താന്‍ ഉപയോഗിക്കുന്നത് വൈരുധ്യമാണെന്ന് ഷാ ഫൈസല്‍ വിമര്‍ശിച്ചു.

ജമ്മുവിലെ കുപ്‍വാര സ്വദേശിയായ ഷാ ഫൈസല്‍ ഇപ്പോള്‍ അവധിയിലാണ്. ഹര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ കോഴ്സ് ചെയ്യുകയാണ് അദ്ദേഹം.

Similar Posts