< Back
India
കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതി പ്രഖ്യാപനം ഉടന്‍; കേരളത്തില്‍ നിന്നും 2 പേര്‍ കൂടി എത്തിയേക്കും
India

കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതി പ്രഖ്യാപനം ഉടന്‍; കേരളത്തില്‍ നിന്നും 2 പേര്‍ കൂടി എത്തിയേക്കും

Web Desk
|
13 July 2018 10:05 AM IST

പ്രവര്‍ത്തക സമിതി രൂപീകരിച്ച് പുനസംഘടന പൂര്‍ത്തിയാക്കാത്തതില്‍ വിവിധ കേന്ദ്രങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം ദ്രുതഗതിയിലാക്കിയത്

കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതിയെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ പ്രഖ്യാപിച്ചേക്കും. കേരളത്തില്‍ നിന്നും എ. കെ ആന്റണിക്ക് പുറമെ രണ്ട് പേര്‍ കൂടി സമിതിയിലെത്തിയേക്കും. ഇതിനിടെ ആന്ധ്ര പി.സി.സി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തുന്ന ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

പ്രവര്‍ത്തക സമിതി രൂപീകരിച്ച് പുനസംഘടന പൂര്‍ത്തിയാക്കാത്തതില്‍ വിവിധ കേന്ദ്രങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം ദ്രുതഗതിയിലാക്കിയത്. സമിതിയിലെ പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനം തെരഞ്ഞെടുക്കുകയും പകുതി പേരെ കോൺഗ്രസ് അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുകയുമാണ് പതിവ് രീതി. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന പ്ലീനറി സമ്മേളനം മുഴുവൻ അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യാൻ അധ്യക്ഷനെ ചുമതലപ്പെടുത്തിയിരുന്നു. എ.കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന അംഗങ്ങള്‍ സമിതിയില്‍ തുടരും. ജനറൽ സെക്രട്ടറി എന്ന നിലയില്‍ സമിതിയില്‍ ഉണ്ടായിരുന്ന കെ.സി വേണുഗോപാലും ഡൽഹിയുടെ ചുമതലയുള്ള നേതാവെന്ന നിലയിൽ ക്ഷണിതാവായി തുടര്‍ന്നിരുന്നപി.സി ചാക്കോയും പുതിയ സമിതിയിൽ ഇടം നേടും.

ജനറൽ സെക്രട്ടറിയായി നിയമിതനായതിനാല്‍ ഉമ്മൻചാണ്ടിക്കും സമിതി യോഗങ്ങളില്‍ പങ്കെടുക്കാം. രാജസ്ഥാൻ പി.സി.സി അധ്യക്ഷൻ സച്ചിൻ പൈലറ്റ് മധ്യപ്രദേശിലെ നേതാവ് ജോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും പ്രവര്‍ത്തക സമിതി ഉള്‍പ്പെട്ടേക്കും. ഇതിനിടെ രാഹുലുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്ന ഉമ്മന്‍ചാണ്ടി ആന്ധാപ്രദേശ് ഘടകവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.കെ.പി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പും ചര്‍ച്ചയായേക്കും. നിലവില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിനൊപ്പം കെ.മുരളീധരന്റെയും ബെന്നി ബഹ്നാന്റെയും പേരുകളും ഉയര്‍ന്നിട്ടുണ്ട്.

Related Tags :
Similar Posts