< Back
India
പൌരത്വ രജിസ്റ്ററിന്റെ അന്തിമ കരട്: അസമില്‍  സുരക്ഷ ശക്തം
India

പൌരത്വ രജിസ്റ്ററിന്റെ അന്തിമ കരട്: അസമില്‍ സുരക്ഷ ശക്തം

Web Desk
|
27 July 2018 10:15 AM IST

22,000 സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഈ മാസം 30നാണ് പട്ടിക പ്രസിദ്ധീകരിക്കുക.

ദേശീയ പൌരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരണത്തിന്റെ ഭാഗമായി അസമില്‍ കനത്ത സുരക്ഷ. 22,000 സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഈ മാസം 30നാണ് പട്ടിക പ്രസിദ്ധീകരിക്കുക.

കഴിഞ്ഞ ഡിസംബറില്‍ പുറത്ത് വിട്ട ആദ്യ കരട് പൌരത്വ രജിസ്റ്റര്‍ അനുസരിച്ച് സംസ്ഥാനത്തെ 3.29 കോടി ആളുകളില്‍ 1.9 കോടി മാത്രമാണ് അസം പൌരന്മാരായുള്ളത്. ശേഷിക്കുന്നവരെ കരുതല്‍ തടങ്കലിലേക്ക് മാറ്റാനാണ് നീക്കം. ഈ സാഹചര്യത്തില്‍ രജിസ്റ്ററിന് പുറത്താകുന്നവരുടെ വൈകാരിക പ്രകടനം ക്രമസമാധാന നില താറുമാറാക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

53 കമ്പനി സിആര്‍പിഎഫ്, 41 കമ്പനി എസ്എസ്‍ബി, 40 കമ്പനി ബിഎസ്എഫ്, 27 കമ്പനി ഐടിബിപി, 5 കമ്പനി റെയില്‍വെ സുരക്ഷാ സേന തുടങ്ങിയവരെ വിന്യസിച്ചു കഴിഞ്ഞു. സ്പെഷ്യല്‍ ഓക്സിലറി പൊലീസിനെയും കേന്ദ്ര സായുധ പൊലീസിനെയും സംസ്ഥാനത്തെത്തിച്ചിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളിലും ക്രമസമാധാന പാലനത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.

പരാതികള്‍ സ്വീകരിക്കാനും നടപടികള്‍ ഏകോപിപ്പിക്കാനും സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. രജിസ്റ്ററിലില്ലാത്തര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കരുതെന്ന് കേന്ദ്രം അസം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും നീതി ലഭ്യമാക്കുമെന്നും മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉറപ്പ് നല്‍കി.

ജൂണ്‍ 30 ആയിരുന്നു പൌരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കേണ്ട അവസാന തീയതിയെങ്കിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരു മാസം കൂടി നീട്ടുകയായിരുന്നു.

Similar Posts