< Back
India
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദിക്കായി പണമൊഴുക്കിയത് ബീഫ് കയറ്റുമതിക്കാര്‍: ദിഗ്‍വിജയ് സിങ് 
India

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദിക്കായി പണമൊഴുക്കിയത് ബീഫ് കയറ്റുമതിക്കാര്‍: ദിഗ്‍വിജയ് സിങ് 

Web Desk
|
30 July 2018 9:51 PM IST

പശുവിന്‍റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ തല്ലിക്കൊല്ലുന്നവര്‍ പിന്‍വാതില്‍ വഴി ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് പണം കൈപ്പറ്റുകയാണെന്ന് ദിഗ് വിജയ് സിങ്

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമൊഴുക്കിയത് ബീഫ് കയറ്റുമതിക്കാരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞ പിങ്ക് റവല്യൂഷന്‍ ബീഫ് കയറ്റുമതി ഉദ്ദേശിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"2014ലെ തെരഞ്ഞെടുപ്പിനിടെ ബീഫ് കയറ്റുമതി ചെയ്യുന്ന ഹിന്ദുക്കളായ സുഹൃത്തുക്കളെ കുറിച്ച് മോദി പറഞ്ഞിരുന്നു. ഇതേ സുഹൃത്തുക്കളാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായ സംഭാവന നല്‍കിയത്. ഇപ്പോള്‍ ഇന്ത്യയില്‍ ബീഫ് കയറ്റുമതി വര്‍ധിച്ചിരിക്കുകയാണ്", ദിഗ്‍വിജയ് സിങ് പറഞ്ഞു.

താന്‍ ഈ പറഞ്ഞതിനുള്ള തെളിവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ നിന്നും ലഭ്യമാണെന്ന് ദിഗ് വിജയ് സിങ് പറഞ്ഞു. ഓരോ പാര്‍ട്ടിക്കും ലഭിച്ച സംഭാവനകളുടെ കണക്ക് സൈറ്റിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പശുവിന്‍റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ തല്ലിക്കൊല്ലുന്നവര്‍ പിന്‍വാതില്‍ വഴി ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് പണം കൈപ്പറ്റുകയാണെന്നും ദിഗ് വിജയ് സിങ് ആരോപിച്ചു.

Similar Posts