< Back
India
വാജ്‍പേയിയുടെ അനുശോചനയോഗത്തില്‍ ചിരിച്ച്മറിഞ്ഞ് ബി.ജെ.പി മന്ത്രിമാര്‍ - വീഡിയോ
India

വാജ്‍പേയിയുടെ അനുശോചനയോഗത്തില്‍ ചിരിച്ച്മറിഞ്ഞ് ബി.ജെ.പി മന്ത്രിമാര്‍ - വീഡിയോ

Web Desk
|
24 Aug 2018 12:31 PM IST

മുഖ്യമന്ത്രി രമണ്‍ സിങ് അടക്കമുള്ള ഉന്നത നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വാജ്പേയിയോട് പരസ്യമായി അനാദരവ് പ്രകടിപ്പിച്ചത്.

മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‍പേയിയുടെ വിയോഗവുമായി ബന്ധപ്പെട്ട് റായ്പൂരില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ വേദിയിലിരുന്ന് ചിരിച്ചുമറിയുന്ന ബി.ജെ.പി മന്ത്രിമാരുടെ വീഡിയോ വൈറലാകുന്നു. കൃഷി വകുപ്പ് മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍, ആരോഗ്യ വകുപ്പ് മന്ത്രി അജയ് ചന്ദ്രാകര്‍ എന്നിവരാണ് വേദിയിലിരുന്ന് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചത്.

വാജ്പേയിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിനിടെയാണ് ബി.ജെ.പി മന്ത്രിമാര്‍ തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ബി.ജെ.പിയുടെ സമുന്നത നേതാവിനോട് അനാദരവ് പ്രകടിപ്പിച്ചത്. ബ്രിജ്മോഹന്‍റെ തമാശ കേട്ട് മുന്നിലുണ്ടായിരുന്ന മേശയില്‍ അടിച്ചാണ് ചന്ദ്രാകര്‍ പൊട്ടിച്ചിരിച്ചത്. ഇത് കണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ധര്‍മപാല്‍ കൌഷിക്, ചന്ദ്രാകറിന്‍റെ കയ്യില്‍ കയറി പിടിച്ചതോടെയാണ് ഇരുവരും ചിരി കുറച്ചെങ്കിലും അടക്കിയത്. മുഖ്യമന്ത്രി രമണ്‍ സിങ് അടക്കമുള്ള ഉന്നത നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വാജ്പേയിയോട് പരസ്യമായി അനാദരവ് പ്രകടിപ്പിച്ചത്.

ജീവിച്ചിരുന്നപ്പോള്‍ തന്നെ ബി.ജെ.പി നേതൃത്വം വാജ്‍പേയിയെ അവഗണിച്ചിരുന്നു. അപ്പോള്‍ പിന്നെ മരിച്ച ശേഷം അവര്‍ വാജ്പേയിയോട് അനാദരവ് പ്രകടിപ്പിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശൈലേഷ് നിതിന്‍ ത്രിവേദി പറഞ്ഞു.

Similar Posts