< Back
India
അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് പൂനെ പൊലീസ്
India

അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് പൂനെ പൊലീസ്

Web Desk
|
30 Aug 2018 1:27 PM IST

ഇന്നലെ പൂനെ സിറ്റി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെയാണ് തെലുങ്ക് കവി വരവര റാവുവും ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേറിയ, വെനന്‍ ഗോണ്‍സാല്‍വെസ് എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള കാരണം പൊലീസ് വിശദീകരിച്ചത്.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ വരവരറാവു, അരുണ്‍ ഫെരേറിയ, വെനന്‍ ഗോണ്‍സാലസ് എന്നിവര്‍, ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് പൂനെ പൊലീസ്. ആക്ടിവിസ്റ്റുകള്‍ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നും പൊലീസ് ആരോപിച്ചു.

ഇന്നലെ പൂനെ സിറ്റി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെയാണ് തെലുങ്ക് കവി വരവര റാവുവും ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേറിയ, വെനന്‍ ഗോണ്‍സാല്‍വെസ് എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള കാരണം പൊലീസ് വിശദീകരിച്ചത്. ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന ആക്ടിവിസ്റ്റുകള്‍ നടത്തിയെന്നതാണ് ഒരു ആരോപണം. മൂന്ന് പേരും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റിന്റെ) സജീവ പ്രവര്‍ത്തകരാണ്. ഇവരുടെ നേതൃത്വത്തില്‍ സിപിഐ മാവോയിസ്റ്റ് കിഴക്കന്‍ മേഖല യോഗം ചേര്‍ന്നാണ് ഗൂഢാലോചന നയത്തിയെന്നും ആക്ടിവിസ്റ്റുകളുടെ കസ്റ്റഡി റിമാന്റ് ആവശ്യപ്പെട്ട് പൊലീസ് പറഞ്ഞു.

എന്നാല്‍ ബീമ-കൊറിഗോവ് സംഘര്‍ഷത്തില്‍ ആക്ടിവിസ്റ്റുകളുടെ പങ്കെന്താണെന്ന കാര്യത്തില്‍ കൃത്യമായ വിശദീകരണം പൊലീസിന് നല്‍കാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ബിമ-കൊറിഗോവില്‍ ജനുവരി 1ന് നടന്ന എല്‍ഗാര്‍ പരിഷത്തെന്നും പൊലീസ് ആരോപിച്ചു. അതേസമയം ആരോപിക്കപ്പെടുന്ന ഗൂഢാലോചന യോഗം എപ്പോഴാണ് നടന്നതെന്ന കാര്യം പൊലീസ് കോടതിയില്‍ പറഞ്ഞില്ല. പൊലീസിന്റെ ആരോപണങ്ങളെ ആക്ടിവിസ്റ്റുകളുടെ അഭിഭാഷകര്‍ തള്ളിക്കളഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെയെന്ന് അഭിഭാഷകര്‍ ചോദിച്ചു.

Similar Posts