< Back
India
നോട്ട്നിരോധം, കള്ളനോട്ടും കറന്‍സിവിനിമയവും വര്‍ധിപ്പിക്കുകയായിരുന്നുവെന്ന് കണക്കുകള്‍
India

നോട്ട്നിരോധം, കള്ളനോട്ടും കറന്‍സിവിനിമയവും വര്‍ധിപ്പിക്കുകയായിരുന്നുവെന്ന് കണക്കുകള്‍

Web Desk
|
31 Aug 2018 6:48 AM IST

കഴിഞ്ഞ ദിവസം പുറത്ത് വന്ന ആര്‍ബിഐ റിപ്പോര്‍ട്ടാണ് സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയത്. കള്ളപ്പണം തടയാനോ കറന്‍സിവിനിമയവും കള്ളനോട്ടടിയും കുറക്കാനോ നോട്ട് നിരോധം കൊണ്ടായില്ലെന്നാണ് കണക്കുകള്‍

ആര്‍.ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ടിന് പിന്നാലെ നോട്ട്നിരോധത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ വീണ്ടും ശക്തമാകുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള അഴിമതിയാണ് നടന്നതെന്ന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം സാങ്കല്‍പികമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ജയ്റ്റ്‍ലി പറഞ്ഞു. കള്ളപ്പണം തടയാനോ കറന്‍സിവിനിമയവും കള്ളനോട്ടടിയും കുറക്കാനോ നോട്ട് നിരോധം കൊണ്ടായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നോട്ടുനിരോധം രണ്ട് വര്‍ഷത്തോടടുക്കവെ കഴിഞ്ഞ ദിവസം പുറത്ത് വന്ന ആര്‍.ബി.ഐ റിപ്പോര്‍ട്ടാണ് സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയത്. ആകെ നിരോധിച്ച 15.42 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍ 15.31 ലക്ഷം കോടിയും ബാങ്കില്‍ തിരിച്ചത്തി. അതായത് 99.3 ശതമാനം തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇതിന് പുറമെ കള്ളനോട്ട് സംബന്ധിച്ച ഈ റിപ്പോര്‍ട്ടിലെ കണക്കുകളും ശ്രദ്ധേയമാണ്. 2016-17 സാന്പത്തിക വര്‍ഷം ബാങ്കുകളിലെത്തിയ പുതിയ 500ന്റെ കള്ളനോട്ടുകള്‍ ആകെ 199 എണ്ണം മാത്രം. എന്നാല്‍ അടുത്ത സാന്പത്തിക വര്‍ഷം ഇത് 9,828 ആയി ഉയര്‍‌ന്നു. 2000 രൂപയുടെ കള്ളനോട്ട് 2016-17 ല്‍ 638 എണ്ണമാണ് ബാങ്കുകളിലെത്തിയത്. തൊട്ടടുത്ത വര്‍ഷം ഇത് 17,929 ആയി കൂടിയെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നോട്ട് നിരോധത്തിന് ശേഷം സര്‍ക്കാര്‍ ഡിജിറ്റല്‍ ഇപാടുകളുടെ പ്രചാരണം വര്‍ധിപ്പിച്ചു. പക്ഷേ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കറന്‍സി വിനിമയം 37 ശതമാനം വര്‍ധിച്ചെന്നാണ് ആര്‍.ബി.ഐ കണക്ക്. റിപ്പോര്‍ട്ടിന്‍റെ പശ്ചാതലത്തില്‍‌ സര്‍ക്കാരിനെതിരെ വരും ദിവസങ്ങളിലും കോണ്‍ഗ്രസ്സ് വിമര്‍ശം ശക്തമാക്കിയേക്കും

നിയമ വിരുദ്ധ പണമിടപാട് സംബന്ധിച്ച് സംശയമുള്ള 1.8 മില്യണ്‍ ബാങ്ക് അക്കൊണ്ടുകളെ സംബന്ധിച്ച് അന്വേഷണം വരികയാണെന്നും പ്രത്യക്ഷ നികുതി റിട്ടേണ്‍ സമര്‍പ്പണം നോട്ട്നിരോധത്തിന് ശേഷം വര്‍ധിച്ചെന്നുമാണ് കേന്ദ്രമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലിയുടെ വിശദീകരണം

Similar Posts