< Back
India
രാഹുല്‍ ഗാന്ധിയുടെ ജീവന്‍ സുരക്ഷിതമാക്കണം; പണത്തിനായി സ്വന്തം വീട് വില്‍ക്കാന്‍ പരസ്യവുമായി കോണ്‍ഗ്രസ് നേതാവ്
India

രാഹുല്‍ ഗാന്ധിയുടെ ജീവന്‍ സുരക്ഷിതമാക്കണം; പണത്തിനായി സ്വന്തം വീട് വില്‍ക്കാന്‍ പരസ്യവുമായി കോണ്‍ഗ്രസ് നേതാവ്

Web Desk
|
5 Sept 2018 11:31 AM IST

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവന്‍ സുരക്ഷിതമാക്കുവാനായി സ്വന്തം വീടും കടകളും വില്‍ക്കാനൊരുങ്ങുകയാണ് മധ്യപ്രദേശിലെ ഒരു കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശില്‍ നിന്നുള്ള അശോക് ജെയ്സ്വാളാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി സ്വന്തം വീട് വില്‍ക്കാനായി പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള വിമാനം വാങ്ങുകയാണ് ജെയ്സാലിന്റെ ലക്ഷ്യം. അതിനായി പണം കണ്ടെത്തുന്നതിനായാണ് വീട് വില്‍ക്കാന്‍ പരസ്യം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ രാഹുൽഗാന്ധിയുടെ ചാർട്ടേർഡ് വിമാനം കർണാടകയിൽ വെച്ച് സാഹസികമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. രണ്ടാം തവണയായിരുന്നു ഇത്തരത്തില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. ഈ സംഭവങ്ങള്‍ തന്നെ ഭയപ്പെടുത്തിയെന്നും ഇതോടെയാണ് രാഹുല്‍ ഗാന്ധിക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ വിമാനം വാങ്ങുന്നതിന് പണം സമ്പാദിക്കാൻ തീരുമാനിച്ചതെന്നും ജെയ്സ്വാള്‍ പറയുന്നു.

''ഞാന്‍ എന്റെ വീടും കടകളും വില്‍ക്കാന്‍ തീരുമാനിച്ചതോടെ നിരവധി സുഹൃത്തുക്കളും ഇത്തരത്തില്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണം മുഴുവന്‍ അദ്ദേഹത്തിന് അയച്ചുനല്‍കും. 2019 ലോക്സഭ ഇലക്ഷന്‍ വരുന്നത്. അദ്ദേഹത്തിന് ഒരുപാട് യാത്രകള്‍ നടത്താനുണ്ടാകും. അദ്ദേഹത്തെ പോലെ സത്യസന്ധനായ നേതാവിന്റെ ജീവന്‍ സുരക്ഷിതമാക്കണം.'' ജെയ്സ്വാള്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ സജീവമാണ് ജെയ്സ്വാള്‍.

Similar Posts