< Back
India
ബിജെപി എം.എല്‍.എയുടെ നാക്ക് അരിയുന്നവര്‍ക്ക് 5 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ്
India

ബിജെപി എം.എല്‍.എയുടെ നാക്ക് അരിയുന്നവര്‍ക്ക് 5 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ്

Web Desk
|
7 Sept 2018 11:11 AM IST

പ്രണയാഭ്യര്‍ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാമെന്ന വിവാദ പ്രസ്താവന നടത്തിയ രാം കദമിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്കാണ് കോണ്‍ഗ്രസ് നേതാവ് സുബോധ് സാവ്ജി സമ്മാനം പ്രഖ്യാപിച്ചത്. 

ബി.ജെ.പി നേതാവിന്റെ നാക്ക് അരിയുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുന്‍ മഹാരാഷ്ട്ര മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് സുബോധ് സാവ്ജി. പ്രണയാഭ്യര്‍ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാമെന്ന വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി എം.എല്‍.എ രാം കദമിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്കാണ് കോണ്‍ഗ്രസ് നേതാവ് സുബോധ് സാവ്ജി സമ്മാനം പ്രഖ്യാപിച്ചത്. കദമിന്റെ പ്രസ്താവന ഒരു നിയമസഭാ സാമാജികന് ചേരുന്നതല്ലെന്നും സുബോധ് പറഞ്ഞു.

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് വിവാഹം നടത്താന്‍ സഹായിക്കാമെന്നായിരുന്നു രാം കദം നല്‍കിയ വാഗ്ദാനം. നിങ്ങളുടെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചാല്‍ ഞാന്‍ നൂറ് ശതമാനം നിങ്ങളെ സഹായിച്ചിരിക്കും. അതിന് ആദ്യമായി നിങ്ങളുടെ മാതാപിതാക്കളെ വിളിച്ചു കൊണ്ടു വരണം. അവര്‍ക്കും ആ പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ ആ പെണ്‍കുട്ടിക്ക് സമ്മതം ഇല്ലെങ്കിലും തട്ടിക്കൊണ്ട് വന്നും പ്രണയാഭ്യര്‍ഥന നടത്തിയ ആണ്‍കുട്ടിക്ക് വിവാഹം ചെയ്ത് നല്‍കും-എന്നാണ് രാം കദം പ്രസ്താവിച്ചിരുന്നത്. ഇങ്ങനെ ആവശ്യമുണ്ടായല്‍ തന്നെ വിളിക്കാനായി ഫോണ്‍ നമ്പറും എം.എല്‍.എ നല്‍കിയിരുന്നു. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കദമിനോട് വിശദീകരണം തേടിയിരുന്നു.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്നാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യമെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ജനങ്ങള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കൂ എന്ന് പറയേണ്ടി വരികയാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ പറഞ്ഞു.

Similar Posts