< Back
India
തയ്യല്‍ക്കാരനായിരുന്ന പരമ്പര കൊലയാളി കൊന്നത് 30 പേരെ; കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞതിങ്ങനെ..
India

തയ്യല്‍ക്കാരനായിരുന്ന പരമ്പര കൊലയാളി കൊന്നത് 30 പേരെ; കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞതിങ്ങനെ..

Web Desk
|
10 Sept 2018 11:05 AM IST

കഴിഞ്ഞ ദിവസം ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ അറസ്റ്റിലായ തയ്യല്‍ക്കാരനെ ചോദ്യംചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

കഴിഞ്ഞ ദിവസം ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ അറസ്റ്റിലായ തയ്യല്‍ക്കാരനെ ചോദ്യംചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. താന്‍ 30 പേരെ കൊന്നിട്ടുണ്ടെന്നാണ് പരമ്പര കൊലയാളി വെളിപ്പെടുത്തിയത്. പെട്ടെന്ന് പണക്കാരനാവാനാണ് ഇത്രയും കൊല നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

48കാരനായ ആദേശ് ഖമ്പ്രയാണ് ആ സീരിയല്‍ കില്ലര്‍. ഭോപ്പാലില്‍ ട്രക്ക് ഡ്രൈവറെയും ക്ലീനറെയും കൊലപ്പെടുത്തി മോഷണം നടത്തിയ കേസില്‍ വെള്ളിയാഴ്ച പിടിയിലായതോടെയാണ് ഇയാള്‍ നടത്തിയ പരമ്പര കൊലകളുടെ ചുരുളഴിഞ്ഞത്. ഖമ്പ്ര കൊന്നവരില്‍ ഭൂരിപക്ഷവും ട്രക്ക് ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണ്.

നാല് സംസ്ഥാനങ്ങളിലായാണ് ഖമ്പ്ര 30 കൊലപാതകങ്ങള്‍ നടത്തിയത്. മധ്യപ്രദേശില്‍ 15 പേരെയും മഹാരാഷ്ട്രയില്‍ 8 പേരെയും ഛത്തിസ്ഗഡില്‍ 5 പേരെയും ഒഡിഷയില്‍ 2 പേരെയും കൊന്നു. മറ്റ് രണ്ട് പേര്‍ക്കൊപ്പമാണ് ഇയാള്‍ വെള്ളിയാഴ്ച അറസ്റ്റിലായത്. സംഘത്തില്‍ ഇനിയും ആളുകളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇത്രയും കൊലകള്‍ നടത്തിയിട്ടും ഖമ്പ്രയുടെ പേര് കൊടുംകുറ്റവാളികളുടെ പട്ടികയിലുണ്ടായിരുന്നില്ല. ഖമ്പ്രയെ പിടികൂടുമ്പോള്‍ പരമ്പര കൊലയാളിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തപ്പോള്‍ വളരെ ശാന്തനായി കാണപ്പെട്ട ഇയാളുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിച്ചെന്ന് പൊലീസ് പറഞ്ഞു. ഇത്രയും കൊല നടത്തിയിട്ടും ഒരു കുറ്റബോധവുമില്ല. മനശാസ്ത്രജ്ഞന്‍റെ സഹായത്തോടെയാണ് ഖമ്പ്രയെ ചോദ്യംചെയ്യുന്നതെന്ന് ഭോപ്പാലിലെ എസ്.പി രാഹുല്‍ ലോധ പറഞ്ഞു.

ആഗസ്ത് 12നാണ് അറസ്റ്റിന് ആസ്പദമായ സംഭവമുണ്ടായത്. 50 ടണ്‍ ഇരുമ്പുമായി ഭോപ്പാലിലെ മന്‍ഡിദീപിലേക്ക് വന്ന ട്രക്ക് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അറസ്റ്റിലെത്തിയത്. ആഗസ്ത് 15ന് കാലിയായ ട്രക്ക് ഭോപ്പാലിലെ അയോധ്യ നഗറില്‍ നിന്ന് കണ്ടെത്തി. പിന്നാലെ ട്രക്ക് ഡ്രൈവറുടെയും ക്ലീനറുടെയും മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഏഴ് പെരെ അറസ്റ്റ് ചെയ്തതോടെയാണ് മോഷണത്തിന്‍റെ ബുദ്ധികേന്ദ്രം ജെയ്കരണ്‍ പ്രജാപതി എന്ന് അറിയപ്പെടുന്ന ആദേശ് ഖമ്പ്രയാണെന്ന് പൊലീസിന് വ്യക്തമായത്.

തയ്യല്‍ക്കാരനായിരുന്ന ഖമ്പ്ര 2010ലാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മോഷണസംഘത്തില്‍ ചേര്‍ന്നത്. മകന് അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി പണം കണ്ടെത്താനായിരുന്നു ആദ്യ കാലത്ത് മോഷണം നടത്തിയത്. ഓരോ മോഷണത്തിനൊടുവിലും 50000 രൂപ ലഭിച്ചു. പിന്നീട് ഇയാള്‍ ആളുകളെ കൊന്ന് മോഷണം നടത്താന്‍ തുടങ്ങി. ഓരോ മോഷണത്തിന് ശേഷവും ഫോണും സിം കാര്‍ഡും മാറ്റി. നാല് വര്‍ഷത്തിനിടെ 45 മൊബൈല്‍ ഫോണുകളും 50 സിം കാര്‍ഡുകളുമാണ് ഇയാള്‍ ഉപയോഗിച്ചത്.

Related Tags :
Similar Posts