
ഗുജറാത്ത് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി കോണ്‍ഗ്രസ്
|സെപ്തംബര്‍ 18ന് ആരംഭിക്കുന്ന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക
ഗുജറാത്ത് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ്. സെപ്തംബര്‍ 18ന് ആരംഭിക്കുന്ന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. വിജയ് രൂപാണി സര്‍ക്കാര്‍ എല്ലാ മേഖലകളിലും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസ പ്രമേയം സ്പീക്കര്‍ അംഗീകരിക്കുകയാണെങ്കില്‍ നീണ്ട 20 വര്‍ഷത്തിന് ശേഷമായിരിക്കും ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാരിന് അവിശ്വാസപ്രമേയം നേരിടേണ്ടിവരിക. രണ്ട് ദിവസമായി ചേരുന്ന നിയമസഭാ വര്‍ഷകാല സമ്മേളനത്തിലാണ് പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചതായും സ്പീക്കറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും നിയമസഭാ സെക്രട്ടറി ഡി.എം പാട്ടീല്‍ പറഞ്ഞു. പ്രമേയത്തിന് അനുമതി ലഭിച്ചാല്‍ മൂന്ന് മുതല്‍ പരമാവധി ഏഴ് ദിവസം വരെ ചര്‍ച്ചക്കായി അനുവദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകരുടെ വായ്പ എഴുതി തളളണമെന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്നതാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിലൂടെ പ്രതിപക്ഷം ഉയര്‍ത്തികാട്ടുന്നത്. ബി.ജെ.പിക്ക് 99 എം.എല്‍.എ മാരുള്ള നിയമസഭയില്‍ കോണ്‍ഗ്രസിന് 76 ഉം മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും ബി.ടി.പിക്ക് രണ്ടും എന്‍.സി.പിക്ക് ഒരു എം.എല്‍.എയുമാണ് ഉള്ളത്. അതിനാല്‍ തന്നെ നിലവില്‍ ബി.ജെ.പിക്ക് അവിശ്വാസ പ്രമേയത്തെ ഭയക്കേണ്ട സാഹചര്യമില്ല.
ഇക്കഴിഞ്ഞ ബജറ്റ് അവതരണ സമയത്ത് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നിരുന്നു. സ്പീക്കര്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് ആരോപിച്ച് കൊണ്ടുവന്ന പ്രമേയം സഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സസ്പെന്‍ഷന്‍ കാലാവധി കുറക്കാമെന്ന് അറിയിച്ചതോടെ പിന്‍വലിക്കുകയായിരുന്നു.