< Back
India
ഗോവയില്‍ ഉടലെടുത്ത ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ബി.ജെ.പി വിയര്‍ക്കുന്നു
India

ഗോവയില്‍ ഉടലെടുത്ത ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ബി.ജെ.പി വിയര്‍ക്കുന്നു

Web Desk
|
18 Sept 2018 8:38 PM IST

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സ തേടിയതോടെ ഗോവയില്‍ ഉടലെടുത്ത ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ബി ജെ പി വിയര്‍ക്കുന്നു. ഘടക കക്ഷി നേതാക്കളുമായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഫോണില്‍ സംസാരിച്ചെങ്കിലും സമവായമായില്ല. ഉചിതമായ പരിഹാര പദ്ധതി ഉടന്‍‌ മുന്നോട്ട് വക്കുമെന്ന് അമിത്ഷാ ഉറപ്പ് നല്‍കിയതായി ഗോവാ ഫോര്‍വേര്‍ഡ് പാര്‍ട്ടി വ്യക്തമാക്കി.

അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എംയിസ് ആശുപത്രിയില്‍ ചികിത്സ തേടിയതോടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഭരണ ചുമതല മറ്റൊരാളെ ഏല്‍പിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഘടക കക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ നേതാവും മുതിര്‍ന്ന മന്ത്രിയുമായ സുധിന്‍ ധവലിക്കറിനെ ഉപമുഖ്യമന്ത്രിയാക്കണം എന്ന ആവശ്യം ഇതോടെ ശക്തമായി. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ബി. ജെ. പി ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായി. പക്ഷേ മറ്റൊരു ഘടക കക്ഷിയായ ഗോവാ ഫോര്‍ വേഡ് പാര്‍ട്ടി ഇപ്പോഴും എതിര്‍പ്പ് തുടരുകയാണ്.ഈ സാഹചര്യത്തിയാണ് ബി. ജെ. പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ നേരിട്ട് സമവായ നീക്കം നടത്തുന്നത്. ഗോവാ ഫോര്‍വേഡ് പാര്‍ട്ടി നേതാവും മന്ത്രിയുമായ വിജയ് സര്‍ദേശായിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചെങ്കിലും ഇതുവരെ സമവായം കണ്ടെത്താനായിട്ടില്ല. എന്നാല്‍ തൃപ്തികരമായ ഒരു പരിഹാര പദ്ധതി ഉടന്‍ അറിയിക്കാമെന്ന് അമിത് ഷാ പറഞ്ഞായി വിജയ് സര്‍ദേശായി പറഞ്ഞു. ഭരണ പ്രതിസന്ധിയുടെ പശ്താലത്തില്‍ ഇന്നലെ ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ചിരുന്നു. നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ബി. ജെ. പി കുറ്റപ്പെടുത്തി.

40 അംഗനിയമ സഭയില്‍ 16 സീറ്റുള്ള കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. 5 എം എല്‍ എമാരുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ ഭരണം കയ്യാളാനാകും.

Similar Posts