< Back
India
വായ്പ തിരിച്ചടക്കാതെ രാജ്യം വിടാന്‍ വിജയ് മല്യയെ സി.ബി.ഐ സഹായിച്ചെന്ന വാദം ബലപ്പെടുന്നു
India

വായ്പ തിരിച്ചടക്കാതെ രാജ്യം വിടാന്‍ വിജയ് മല്യയെ സി.ബി.ഐ സഹായിച്ചെന്ന വാദം ബലപ്പെടുന്നു

Web Desk
|
18 Sept 2018 12:38 PM IST

മല്യയെ എയര്‍പോര്‍ട്ടില്‍ തടയേണ്ടതില്ലെന്ന് വ്യക്തമാക്കി മുബൈ പോലീസിന് സി.ബി.ഐ അയച്ച കത്തിന്റെ വിശദാംശങ്ങള്‍ പുറത്തായി. സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷം ആരോപണം ശക്തമാക്കി 

9000 കോടിയുടെ വായ്പ തിരിച്ചടക്കാതെ രാജ്യം വിടുന്നതിന് വിജയമല്യക്ക് സി.ബി.ഐ സഹായമുണ്ടായെന്ന സംശയം ബലപ്പെടുന്നു. മല്യയെ എയര്‍പോര്‍ട്ടില്‍ തടയേണ്ടതില്ലെന്ന് വ്യക്തമാക്കി മുബൈ പോലീസിന് സി.ബി.ഐ അയച്ച കത്തിന്റെ വിശദാംശങ്ങള്‍ പുറത്തായി. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്സുള്‍പ്പെടുന്ന പ്രതിപക്ഷം രംഗത്തെത്തി.

വിജയ് മല്യയെ വിമാനത്താവളത്തില്‍ തടയണം എന്ന് വ്യവസ്ഥ ചെയ്യുന്ന ലുക്ക് ഔട്ട് നോട്ടീസ് 2016 ഒക്ടോബര്‍ 16 ന് സി.ബി.ഐ പുറപ്പെടുവിച്ചിരുന്നു. പിന്നീട് നവംബര്‍ 24 ന്, ഈ നോട്ടീസ് മയപ്പെടുത്തി മല്യയെ തടയുക എന്ന വ്യവസ്ഥ സി.ബി.ഐ തന്നെ ഒഴിവാക്കുകയായിരുന്നു. ഇതിനിടയില്‍ നടന്ന സംശയാസ്പദ നീക്കങ്ങള്‍ സംബന്ധിച്ച വിവിരങ്ങള്‍ ഒരു ദേശീയ ദിനപത്രമാണ് പുറത്ത് വിട്ടത്.

മല്യ വിദേശത്ത് നിന്നും ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്നു എന്ന വിവരം 2016 നവംബര്‍ 23 ന് എമിഗ്രേഷന്‍ വിഭാഗം സി.ബി.ഐയെ അറിയിച്ചു. ഉടനടി തന്നെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് മയപ്പെടുത്തുകയായിരുന്നു. നവംബര്‍ 24 ന് ഇത് സംബന്ധിച്ച് മുംബൈ പോലീസിന് സന്ദേശവും കൈമാറി. മല്യയെ ഇപ്പോള്‍ തടയുകയോ, കസ്റ്റഡിയിലെടുക്കുകയോ ചെയ്യേണ്ടതില്ല. ആവശ്യാനുസരണം ഇക്കാര്യം പ്രത്യേകം അറിയിക്കാമെന്ന് സി.ബി.ഐ കത്തില്‍ പറയുന്നു. ആദ്യത്തെ ലുക്കൌട്ട് നോട്ടീസ് തെറ്റായി പുറപ്പെടുവിച്ചതാണെന്നും വിശദീകരിച്ചിട്ടുണ്ട്.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്സ് രംഗത്തെത്തി. മല്യയുടെ ഒളിച്ചോട്ടം എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും നരേന്ദ്ര മോദിയാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി നടനാണെന്നും കോണ്‍ഗ്രസ്സ് നേതാവ് രണ്‍ദീപ് സുര്‍ജേ വാല ട്വിറ്ററില്‍ കുറിച്ചു. ഉന്നത രാഷ്ട്രീയ ഇടപെടലും സഹായവും മല്യക്ക് ഇന്ത്യ വിടാന്‍ ലഭിച്ചുവെന്ന് തീര്‍ത്തും ബോധ്യപ്പെട്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കുറ്റപ്പെടുത്തി.

Related Tags :
Similar Posts