< Back
India
വീല്‍ചെയര്‍ വിതരണ ചടങ്ങിനിടെ എഴുന്നേറ്റ് നടന്നതിന് കാലുതല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി
India

വീല്‍ചെയര്‍ വിതരണ ചടങ്ങിനിടെ എഴുന്നേറ്റ് നടന്നതിന് കാലുതല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി

Web Desk
|
19 Sept 2018 10:33 AM IST

ഇനി അയാള്‍ അവിടെ നിന്ന് അനങ്ങിയാല്‍ കാലു തല്ലിയൊടിക്കാനും എന്നിട്ടൊരു ഊന്നുവടി നല്‍കാനും തന്റെ സുരക്ഷാ ജീവനക്കാരോട് മന്ത്രി

ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ വിതരണചടങ്ങിനിടെ എഴുന്നേറ്റ് നടന്ന ആളോട്, കാല് തല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി. കാല് തല്ലിയൊടിക്കുമെന്ന് മാത്രമല്ല, എന്നിട്ട് ഒരു ഊന്നുവടി തന്നുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ആണ് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ അസനോളിലാണ് സംഭവം.

ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയറുകളും ഊന്നുവടികളും അനുബന്ധ സഹായ ഉപകരണങ്ങളും വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു വേദി. സമാജിക് അധികാരിത ഷിവിര്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ചടങ്ങിനിടെ ബാബുല്‍ സുപ്രിയോ സംസാരിച്ചുകൊണ്ടിരിക്കെ ആളുകള്‍ക്കിടയിലൂടെ ഒരു വ്യക്തി എഴുന്നേറ്റു നടന്നു. '' നിങ്ങളെന്തിനാണ് ഇങ്ങനെ നടക്കുന്നത്. അവിടെ ഇരിക്കൂ. നിങ്ങള്‍ക്ക് എന്താണ് പറ്റിയത്, എന്തെങ്കിലും പ്രശ്നമുണ്ടോ.. ഇനി നിങ്ങള്‍ അനങ്ങിയാല്‍ ഞാന്‍ നിങ്ങളുടെ കാല് ഓടിക്കും എന്നിട്ട് ഒരു ഊന്നുവടിയും വെച്ചുതരും'' എന്നായിരുന്നു ബാബുല്‍ സുപ്രിയോയുടെ പ്രസ്താവന. ഇനി അയാള്‍ അവിടെ നിന്ന് അനങ്ങിയാല്‍ കാലു തല്ലിയൊടിക്കാനും എന്നിട്ടൊരു ഊന്നുവടി നല്‍കാനും തന്റെ സുരക്ഷാ ജീവനക്കാരോട് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.

ചടങ്ങിനിടെ ബാബുല്‍ സുപ്രിയോ കയര്‍ക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. ഒരു വ്യക്തി നിരന്തരം എഴുന്നേറ്റ് നടന്നതാണ് സുപ്രിയോയെ പ്രകോപിച്ചത്. അസനോളില്‍നിന്നുള്ള ബിജെപി എംപിയായ ബാബുല്‍ സുപ്രിയോ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയുമാണ്.

ഇതാദ്യമായല്ല, വിവാദ പ്രസ്താവനകളുടെ പേരില്‍ ബാബുല്‍ സുപ്രിയോ വാര്‍ത്തകളിലിടം നേടുന്നത്. നേരത്തെ യു.എ.ഇയുടെ 700 കോടി പ്രളയാനന്തര ദുരിതാശ്വാസ സഹായത്തിന്റെ പേരില്‍ വിവാദമുണ്ടായ സമയത്ത് മുഖ്യമന്ത്രി പിണറായി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചും ബാബുല്‍ സുപ്രിയോ രംഗത്തെത്തിയിരുന്നു. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റപ്പോള്‍ മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാണ് രാഹുല്‍ എന്നായിരുന്നു ബാബുലിന്റെ പരിഹാസം. തന്റെ ഒഡീഷ സന്ദര്‍ശനത്തിടെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചവരോട്, ഞാന്‍ ആ മുട്ടയുപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുമെന്ന് പറഞ്ഞതും വിവാദമുണ്ടാക്കിയിരുന്നു.

Related Tags :
Similar Posts