< Back
India
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഇന്ന് രാജസ്ഥാനില്‍
India

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഇന്ന് രാജസ്ഥാനില്‍

Web Desk
|
20 Sept 2018 6:39 AM IST

റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധനവിലവര്‍ധന, സ്ത്രീ സുരക്ഷ, കര്‍ഷക ആത്മഹത്യ, ആള്‍ക്കൂട്ട കൊല, തുടങ്ങിയവയാണ് കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനിലെത്തും. സാഗ്വാരയിലെ ദംഗര്‍പൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിന് ആഗസ്റ്റില്‍ ഔദ്യോഗിക തുടക്കമായതിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനം സന്ദര്‍ശിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്പ് സംസ്ഥാനത്ത് പ്രചാരണ പരിപാടിക്കെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച അതേ വേദിയില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുക.

ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധനവില വര്‍ധന എന്നിവക്ക് പുറമെ സ്ത്രീ സുരക്ഷ, കര്‍ഷക ആത്മഹത്യ, ആള്‍ക്കൂട്ട കൊല, തുടങ്ങിയവയാണ് കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നത്. ദംഗര്‍പൂരിലെ പൊതുസമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

പരിപാടിക്ക് മൂന്ന് ലക്ഷം പേര്‍ എത്തുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് അറിയിച്ചു. തെരഞ്ഞെടുപ്പില്‍ വസുന്ധര രാജെ സര്‍ക്കാരിനെതിരായ വികാരം മുതലെടുക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

Similar Posts