< Back
India
മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരായ എസ്.എഫ്.ഐ അതിക്രമത്തെ അപലപിച്ച് ഐസ
India

മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരായ എസ്.എഫ്.ഐ അതിക്രമത്തെ അപലപിച്ച് ഐസ

Web Desk
|
23 Sept 2018 4:55 PM IST

കാമ്പസുകളിലെ ആധിപത്യം നിലനിർത്തുന്നതിനും വ്യത്യസ്ത ശബ്ദങ്ങൾ ഇല്ലാതാക്കുന്നതിനുമായി പേശിബലം ഉപയോഗിച്ചും ഭരണകൂടത്തെ കൂട്ടുപിടിച്ചുമുള്ള അക്രമമാണ് നടക്കുന്നതെന്ന് പോസ്റ്റില്‍ വിമര്‍ശിച്ചു. 

മടപ്പള്ളി കോളേജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം വിദ്യാര്‍ത്ഥികളായ സല്‍വ അബ്ദുൾ ഖാദർ, തംജിദ, സഫ്‍വാൻ തുടങ്ങിയവര്‍ക്കെതിരായ എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായി ഐസ(എ.ഐ.എസ്.എ). ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസ പ്രതിഷേധം അറിയിച്ചു. കാമ്പസുകളിലെ ആധിപത്യം നിലനിർത്തുന്നതിനും വ്യത്യസ്ത ശബ്ദങ്ങൾ ഇല്ലാതാക്കുന്നതിനുമായി പേശിബലം ഉപയോഗിച്ചും ഭരണകൂടത്തെ കൂട്ടുപിടിച്ചുമുള്ള അക്രമമാണ് നടക്കുന്നതെന്ന് പോസ്റ്റില്‍ വിമര്‍ശിച്ചു. ഇസ്ലാമോഫോബിയയുടെ ഭാഷ ഉപയോഗിച്ചുകൊണ്ടുള്ള ന്യായീകരണമാണ് നടക്കുന്നതെന്നും ഐസ കുറ്റപ്പെടുത്തി. അതിഥി ചാറ്റര്‍ജിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അക്രമത്തെ അപലപിച്ചുകൊണ്ടുള്ള എ.ഐ.എസ്.എയുടെ കുറിപ്പ്.

''എല്ലാ പുരോഗമന പാര്‍ട്ടികളും കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിക്കുകയുണ്ടായി. എന്നാൽ അഭിമന്യുവിനെ പോലുള്ള ഒരു യുവജീവന്റെ നഷ്ടം ഇസ്ലാമോഫോബിയയെ ന്യായീകരിക്കുന്നതിനായി ഉപയോഗിക്കാനാവില്ല.'' ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

രാജ്യം ഇപ്പോൾ വ്യത്യസ്ത ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ഭരണത്തിൻകീഴിൽ ഏറ്റവും മോശമായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പുരോഗമന വിദ്യാർത്ഥി രാഷ്ട്രീയം ഇതിനൊരു ബദലായി മാറട്ടെയെന്നും കുറിപ്പില്‍ പറയുന്നു.

Similar Posts