< Back
India
റഫാല്‍ ഇടപാടില്‍ മോദിക്ക് നേരിട്ട് പങ്കുണ്ട്; കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
India

റഫാല്‍ ഇടപാടില്‍ മോദിക്ക് നേരിട്ട് പങ്കുണ്ട്; കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

Web Desk
|
24 Sept 2018 6:57 PM IST

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‍സ്വ ഓലന്‍ഡിന്റെ വെളിപ്പെടുത്തിലിന് ശേഷം റഫാല്‍ ഇടപാടിലെ ആരോപണങ്ങള്‍ നാള്‍ക്കുനാള്‍ ശക്തമാക്കുകയാണ് കോണ്‍ഗ്രസ്.

റഫാല്‍ ഇടപാടില്‍ കേസെടുക്കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് കോണ്‍ഗ്രസ്. ഇടപാടിലെ ക്രമക്കേടുകളില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുത്ത് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാകിസ്താനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുകയാണെന്ന ബി.ജെ.പിയുടെ ആരോപണം വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‍സ്വ ഓലന്‍ഡിന്റെ വെളിപ്പെടുത്തിലിന് ശേഷം റഫാല്‍ ഇടപാടിലെ ആരോപണങ്ങള്‍ നാള്‍ക്കുനാള്‍ ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ഇടപാടില്‍ ഇതുവരെ ഉണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, ആരോപണങ്ങളെ പാകിസ്താനുമായി ബന്ധിപ്പിച്ച് ചര്‍ച്ചയുടെ ഗതി തിരിച്ച് വിടാനാണ് ബി.ജെ.പിയുടെ ശ്രമം. ആരോപണങ്ങളില്‍ വിളറി പൂണ്ട ബി.ജെ.പി പാകിസ്താനില്‍ അഭയം കണ്ടെത്തുകയാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. അതേസമയം, എച്ച്.എ.എല്ലുമായുള്ള കരാര്‍ ഏതാണ്ട് പൂര്‍ത്തിയായെന്ന് പറയുന്ന ഡസാള്‍ട്ട് ഏവിയേഷന്‍ സി.ഇ.ഒ എറിക് ട്രിപ്പിയറിന്റെ വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടു. 2015 മാര്‍ച്ച് 25ന് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ സാന്നിധ്യത്തിലാണ് ഡസാള്‍ട്ട് സി.ഇ.ഒ ഇക്കാര്യം പറയുന്നത്. ഇതിന് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വിവാദമായ കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

Similar Posts