< Back
India
ചെന്നൈയില്‍ വീട്ടില്‍ സൂക്ഷിച്ച നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ശില്‍പങ്ങള്‍ പിടിച്ചെടുത്തു
India

ചെന്നൈയില്‍ വീട്ടില്‍ സൂക്ഷിച്ച നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ശില്‍പങ്ങള്‍ പിടിച്ചെടുത്തു

Web Desk
|
28 Sept 2018 7:36 AM IST

തമിഴ്നാട്ടില്‍ വര്‍ധിച്ചുവരുന്ന ശില്‍പ കടത്ത് കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.

ചെന്നൈ സെയ്താപേട്ടിലെ വസ്ത്രവ്യാപാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 89 ശില്‍പങ്ങള്‍ പിടിച്ചെടുത്തു. ശ്രീനഗര്‍ കോളനിയിലെ റണ്‍ബീര്‍ഷായുടെ വീട്ടില്‍ നിന്നാണ് ശില്‍പങ്ങള്‍ കണ്ടെത്തിയത്. തമിഴ്നാട്ടില്‍ വര്‍ധിച്ചുവരുന്ന ശില്‍പ കടത്ത് കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.

നൂറുവര്‍ഷത്തില്‍ അധികം പഴക്കമുണ്ട്, പിടിച്ചെടുത്ത ശില്‍പങ്ങള്‍ക്ക്. നൂറു കോടിയില്‍ അധികം വില വരുന്ന ശില്‍പങ്ങളാണ് പിടിച്ചെടുത്തത്. ഇതില്‍ 12 എണ്ണം ലോഹത്തില്‍ നിര്‍മിച്ചവയാണ്. അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വലിയ ശില്‍പങ്ങള്‍, ക്ഷേത്രത്തിലെ തൂണുകള്‍ തുടങ്ങിയവയെല്ലാം വീട്ടിലും പരിസരങ്ങളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു. ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയാണ് ഇവയെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ ഐജി, പൊന്‍മാണിക്യവേല്‍ പറഞ്ഞു. പുരാതന ശിലകള്‍ വില്‍ക്കാന്‍ ആര്‍ക്കും ലൈസന്‍സില്ല.

എന്നാല്‍ തമിഴ്നാട്ടില്‍ അടുത്തിടെയായി ശില്‍പ വ്യാപാരം വ്യാപകമായി നടക്കുന്നുണ്ട്. അനധികൃത വില്‍പനയുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണ സംഘം അറസ്റ്റു ചെയ്ത, വ്യാപാരി ദീനദയാലിന്റെ മൊഴി പ്രകാരം, 2016ലും റണ്‍‍ബീര്‍ഷായുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കളവ് മുതല്‍ സൂക്ഷിച്ച വകുപ്പു പ്രകാരമാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍, കേസെടുത്തിടുളളത്. പോണ്ടിച്ചേരിയില്‍ നിന്നും കേരളത്തില്‍ നിന്നുമാണ് ശില്‍പങ്ങള്‍ വാങ്ങിയതെന്നാണ് റണ്‍ബീറിന്റെ മൊഴി. വില്‍പനക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Related Tags :
Similar Posts