
മൂന്ന് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനില്‍ അണുബാധ
|ചില മരുന്ന് കുപ്പികളില്‍ ടൈപ്പ്-2 പോളിയോ വൈറസ് ഉണ്ടായിരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളിമരുന്നില്‍ അണുബാധയുണ്ടായിരുന്നുവെന്ന് സ്ഥിരീകരണം. ചില മരുന്ന് കുപ്പികളില്‍ ടൈപ്പ്-2 പോളിയോ വൈറസ് ഉണ്ടായിരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. യു.പിയിലെ ഗാസിയാബാദിലെ ബയോമെഡ് മരുന്ന് കമ്പനിയാണ് വാക്സിന്‍ നിര്‍മിച്ചത്.
മൂന്ന് സംസ്ഥാനങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കി. പോളിയോ നല്‍കിയ കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടോയെന്ന് പ്രത്യേക സമിതി പരിശോധിക്കും. എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
50000 മരുന്ന് കുപ്പികളിലാണ് നിലവില്‍ അണുബാധ കണ്ടെത്തിയത്. ഒരു ലക്ഷം കുപ്പികളില്‍ അണുബാധയുണ്ടെന്ന് സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബയോമെഡ് മാനേജിങ് ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ മരുന്നുകളുടെ നിര്‍മാണവും വിതരണവും നിര്‍ത്തിവെയ്ക്കണമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ കമ്പനിക്ക് നോട്ടീസ് നല്‍കി.