< Back
India
ക്രമസമാധാനം കോമഡിയായി മാറി; യോഗി സര്‍ക്കാരിനെതിരെ യു.പിയിലെ മന്ത്രി തന്നെ രംഗത്ത്
India

ക്രമസമാധാനം കോമഡിയായി മാറി; യോഗി സര്‍ക്കാരിനെതിരെ യു.പിയിലെ മന്ത്രി തന്നെ രംഗത്ത്

Web Desk
|
2 Oct 2018 11:20 AM IST

മന്ത്രിസഭയിലെ ഘടകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവും പിന്നാക്ക വികസനകാര്യ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറാണ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ മന്ത്രിസഭക്കുള്ളില്‍ നിന്ന് തന്നെ പ്രതിഷേധം. ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ വെടിവെച്ച് കൊന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനം. മന്ത്രിസഭയിലെ ഘടകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവും പിന്നാക്ക വികസനകാര്യ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറാണ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.

ആപ്പിള്‍ എക്സിക്യൂട്ടീവ് വിവേക് തിവാരിയെ വെടിവെച്ച് കൊന്ന സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ച യു.പിയിലെ പൊലീസ് ക്രമാസമാധാന പാലനം കോമഡിയാക്കി മാറ്റിയെന്ന് രാജഭര്‍ വിമര്‍ശിച്ചു. ഏറ്റുമുട്ടല്‍ എന്ന പേരില്‍ പൊലീസ് പണം വാങ്ങി ജനങ്ങളെ കൊല്ലുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനോ സുരക്ഷിതരാണെന്ന തോന്നല്‍ ജനങ്ങള്‍ക്ക് നല്‍കാനോ കഴിഞ്ഞിട്ടില്ല. ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും മന്ത്രി വിമര്‍ശിച്ചു. ആപ്പിള്‍ എക്സിക്യൂട്ടീവ് വിവേക് തിവാരിയെ വെടിവെച്ച് കൊന്ന സംഭവത്തിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും രാജ്ഭര്‍ ആവശ്യപ്പെട്ടു.

യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷം അതിശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടെ മന്ത്രിസഭാംഗം തന്നെ ഇങ്ങനെ പ്രതികരിച്ചത് സര്‍ക്കാരിന് തലവേദനയായി. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ മുന്നോക്ക ജാതിക്കാരും ആക്രമിക്കപ്പെടുകയാണെന്ന് മായാവതി പ്രതികരിച്ചു. സംസ്ഥാനത്ത് ആരും സുരക്ഷിതരല്ലെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.

Similar Posts