< Back
India
53 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച വിമാന കമ്പനി ജീവനക്കാര്‍ പിടിയില്‍
India

53 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച വിമാന കമ്പനി ജീവനക്കാര്‍ പിടിയില്‍

Web Desk
|
2 Oct 2018 2:48 PM IST

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 53 മൊബൈല്‍ ഫോണുകള്‍ അടങ്ങിയ പെട്ടി മോഷ്ടിച്ചതിനാണ് ഇവരെ പിടികൂടിയത്

ഗോ എയര്‍ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 53 മൊബൈല്‍ ഫോണുകള്‍ അടങ്ങിയ പെട്ടി മോഷ്ടിച്ചതിനാണ് ഇവരെ പിടികൂടിയത്. കാര്‍ഗോ വിഭാഗത്തില്‍ പെട്ടികള്‍ ഇറക്കുന്ന ചുമതലയുള്ള സീനിയര്‍ റാംപ് ഓഫീസര്‍മാരായ സചിന്‍ മാനവ് (30), സതീഷ് പാല്‍ (40) എന്നിവരാണ് അറസ്റ്റിലായത്.

പട്‌നയില്‍ നിന്ന് വന്ന ഗോ എയര്‍ വിമാനത്തിലെത്തിയ മൊബൈല്‍ പെട്ടി കാണാതായതോടെ കാര്‍ഗോ കമ്പനി മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സെപ്തംബര്‍ 19നാണ് പോലീസ് കേസെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.

മോഷണം പോയ മൊബൈല്‍ ഫോണുകള്‍ ദിവസങ്ങളോളം ട്രാക്ക് ചെയ്തതോടെയാണ് ജീവനക്കാര്‍ പിടിയിലായത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ ഇവര്‍ ഉപയോഗിച്ചതോടെ പ്രതികളെ കണ്ടെത്തല്‍ എളുപ്പമായി. മൊബൈല്‍ ഫോണുകള്‍ അടങ്ങിയ പെട്ടി കണ്‍വെയര്‍ ബെല്‍റ്റിലിട്ട ശേഷം യാത്രക്കാരെ പോലെ അറൈവല്‍ ടെര്‍മിനലിലെത്തി ബാഗെടുത്ത് പുറത്തേക്ക് പോവുകയാണ് ചെയ്തതെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി.

ജീവനക്കാരുടെ വീടുകളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അഞ്ച് ഫോണുകള്‍ വിറ്റതായി ഇവര്‍ പറഞ്ഞു. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Similar Posts