< Back
India
സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടയാനാവില്ലെന്ന് ദീപക് മിശ്ര
India

സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടയാനാവില്ലെന്ന് ദീപക് മിശ്ര

Web Desk
|
5 Oct 2018 8:21 PM IST

സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാനാവില്ല. സ്ത്രീകള്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്നും ദീപക് മിശ്ര

ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീകോടതി വിധി സംബന്ധിച്ച നിലപാട് വീണ്ടും വ്യക്തമാക്കി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാനാവില്ല. സ്ത്രീകള്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീക്കും പുരുഷനും തുല്യഅവകാശങ്ങളാണുള്ളതെന്ന് ദീപക് മിശ്ര പറഞ്ഞു. സ്ത്രീകളെ മാത്രമായി എവിടെയും വിലക്കാനാവില്ല. സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാര്‍ഥ വീട്. ലിംഗനീതിക്കായി പോരാടുന്ന ആള്‍ എന്നറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ദീപക് മിശ്ര പറഞ്ഞു.

കരുത്തുറ്റ നിയമസംവിധാനമാണ് രാജ്യത്തുള്ളത്. ഭരണഘടനയുടെ സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക എന്നത് കോടതിയുടെയും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കടമയാണ്. രാജ്യത്തെ പൌരന്മാരില്‍ ഒരാള്‍ക്കും അന്യതാബോധം ഉണ്ടാവരുതെന്നും ഭരണഘടന എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ 28നാണ് ദീപക്മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് ദീപക് മിശ്ര നിലപാട് വീണ്ടും വ്യക്തമാക്കിയത്.

Related Tags :
Similar Posts