< Back
India
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ ഗ്യാസ് ബലൂണിന് തീപിടിച്ചു
India

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ ഗ്യാസ് ബലൂണിന് തീപിടിച്ചു

Web Desk
|
7 Oct 2018 3:41 PM IST

തീപിടിത്തത്തില്‍ ബലൂണ്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി.മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് നീങ്ങവെയായിരുന്നു തീപിടിത്തം.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോക്കിടെ ഗ്യാസ് ബലൂണിന് തീപിടിച്ചു. തീ പിടിത്തത്തില്‍ ബലൂണ്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് നീങ്ങവെയായിരുന്നു തീപിടിത്തം. രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ തയാറാക്കിയിരുന്ന താലത്തില്‍ നിന്നാണ് ബലൂണുകളിലേക്ക് തീപടര്‍ന്നത്.

തീപിടിച്ചതോടെ വന്‍ ശബ്ദത്തില്‍ ബലൂണുകള്‍ പൊട്ടിത്തെറിക്കുകയും വലിയ തീനാളം ഉയരുകയും ചെയ്തു. രാഹുല്‍ സഞ്ചരിച്ച വാഹനത്തിന് ഏതാനും അടി അകലെയായിരുന്നു തീ പടര്‍ന്നത്. ഉടന്‍ തന്നെ പ്രത്യേക സുരക്ഷാസേന സംഭവസ്ഥലത്ത് സുരക്ഷ ഒരുക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജബല്‍പൂര്‍ ജില്ലയില്‍ എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയാണ് രാഹുല്‍ ഗാന്ധി നടത്തിയത്. നര്‍മ്മദാ നദി തീരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ജബല്‍പൂര്‍ വെസ്റ്റ്, ജബല്‍പൂര്‍ നോര്‍ത്ത് സെന്‍ട്രല്‍, ജബല്‍പൂര്‍ ഈസ്റ്റ് എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നു പോയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും രാഹുല്‍ഗാന്ധിക്ക് ഒപ്പം റോഡ്ഷോയില്‍ ഉണ്ടായിരുന്നു.

Similar Posts